ജനസംഖ്യ കുറഞ്ഞാൽ സമൂഹം നശിക്കും: മോഹൻ ഭാഗവത്
Monday, December 2, 2024 6:40 AM IST
നാഗ്പുർ: ഇന്ത്യയിലെ ജനസംഖ്യാ വളർച്ചാനിരക്ക് കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തെ ജനസംഖ്യ കുറഞ്ഞാൽ സമൂഹം നശിക്കുമെന്നും മൂന്നു ശതമാനത്തിൽ കുറയാത്ത ജനസംഖ്യാ വളർച്ചാനിരക്കാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1998ലോ 2002ലോ തീരുമാനിച്ച ഇന്ത്യയുടെ ജനസംഖ്യാ നയമനുസരിച്ച് ജനസംഖ്യാ വളർച്ചാനിരക്ക് 2.1 ശതമാനത്തിൽ താഴെയാകരുതെന്നു പറയുന്നുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു.
സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് കുടുംബമെന്നും ഓരോ കുടുംബവും സമൂഹനിർമിതിയുടെ യൂണിറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഗ്പുരിൽ നടന്ന ‘കാതലെ കുൽ’ എന്ന ചടങ്ങിലാണ് ആർഎസ്എസ് മേധാവി ജനസംഖ്യാ വളർച്ചാനിരക്കു സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്തിയത്.
മുസ്ലിം സ്ത്രീകൾ കൂടുതൽ കുട്ടികളെ ഉത്പാദിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി നേരത്തേ പറഞ്ഞതിലെയും ആർഎസ്എസ് മേധാവി ജനസംഖ്യാ വളർച്ചാനിരക്കു കൂട്ടണമെന്നു പറയുന്നതിലെയും വൈരുധ്യം ചൂണ്ടിക്കാട്ടി ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദീൻ ഒവൈസി പരിഹസിച്ചു.