ശാസ്ത്രപഠനവും രണ്ടു തലങ്ങളിൽ: സിബിഎസ്ഇയിൽ ആലോചന
Wednesday, December 4, 2024 1:51 AM IST
ന്യൂഡൽഹി: സിബിഎസ്ഇ ഒന്പത്, പത്ത് ക്ലാസുകളിൽ ഗണിതത്തിനു പുറമേ ശാസ്ത്രവിഷയങ്ങളിലും രണ്ടുതലത്തിലുള്ള പാഠ്യപദ്ധതിക്കു സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ) ആലോചന.
പത്താംക്ലാസിലെ ഗണിതപഠനത്തിന് അനുവർത്തിക്കുന്ന സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ് രീതി ശാസ്ത്രവിഷയങ്ങളിലും സാമൂഹ്യപാഠത്തിലും പരീക്ഷിക്കാനാണ് നീക്കം. പാഠ്യപദ്ധതി സമിതിയിൽ ഏകദേശ ധാരണയായെങ്കിലും സിബിഎസ്ഇ നയരൂപീകരണ സമിതിയുടെ അന്തിമ അംഗീകാരം ലഭിച്ചാലേ പരിഷ്കാരം നടപ്പാക്കാനാവൂ.
പത്താംക്ലാസിൽ ഗണിതത്തിനു മാത്രമാണ് ഇപ്പോൾ രണ്ടു തലത്തിലുള്ള പഠനരീതി. ഒരേ പാഠപുസ്തകം തന്നെയാണു വിദ്യാർഥികൾ പിന്തുടരേണ്ടതെങ്കിലും വ്യത്യസ്ഥത രീതിയിലുള്ള ചോദ്യപേപ്പറുകളാണ് രണ്ടുതലങ്ങളിലും നൽകുന്നത്.
ഗണിത, ശാസ്ത്ര വിഷയങ്ങൾ ഉപരിപഠനത്തിനു തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾ അഡ്വാൻസ് രീതിയും മാനവിക വിഷയങ്ങൾ തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾ സ്റ്റാൻഡേർഡ് രീതിയുമാണ് സ്വീകരിക്കുക.