മുഖ്യമന്ത്രി ഫഡ്നാവിസെന്ന് മുതിർന്ന ബിജെപി നേതാവ്
Monday, December 2, 2024 4:43 AM IST
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരിന് അംഗീകാരം നല്കിയെന്നു മുതിർന്ന ബിജെപി നേതാവ്. വാർത്താ ഏജൻസിയായ പിടിഐയോടാണ് വെളിപ്പെടുത്തൽ. ബിജെപി നിയമസഭാ കക്ഷിയോഗം ഇന്നോ ചൊവ്വാഴ്ചയോ ചേരുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണു റിപ്പോർട്ട്. മുംബൈ ആസാദ് മൈതാനത്തു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
മുഖ്യമന്ത്രിയെ ബിജെപി നേതൃത്വം തീരുമാനിക്കുമെന്നും ആ തീരുമാനത്തെ താൻ പിന്തുണയ്ക്കുമെന്നും കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇന്നലെ അറിയിച്ചു. സർക്കാർ രൂപവത്കരണകാര്യത്തിൽ മഹായുതി സഖ്യകക്ഷികൾക്കിടയിൽ ഭിന്നതയില്ലെന്ന് അദ്ദേഹം പറഞ്ഞു. സത്താറ ജില്ലയിലെ ജന്മദേശമായ ദാരേ ഗ്രാമത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ രൂപവത്കരണ ചർച്ചകൾ നടന്നുവരികയാണ്. മൂന്നു മഹായുതി ഘടകകക്ഷികളും ചേർന്ന് എല്ലാ തീരുമാനങ്ങളും എടുക്കുംഷിൻഡെ പറഞ്ഞു. ദാരേ ഗ്രാമത്തിലേക്കുള്ള സന്ദർശനത്തിൽ അഭ്യൂഹങ്ങളുടെ ആവശ്യമില്ലെന്നും താൻ സ്ഥിരമായി അവിടെയെത്താറുണ്ടെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ചയാണ് ഷിൻഡെ ദാരേ ഗ്രാമത്തിലെത്തിയത്. മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിൽ ഷിൻഡെയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം താൻ ഏറ്റെടുക്കില്ലെന്ന് ഏക്നാഥ് ഷിൻഡെ അറിയിച്ചിരുന്നു. ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഉപമുഖ്യമന്ത്രിസ്ഥാനം നല്കി തർക്കം പരിഹരിക്കുമെന്നാണു റിപ്പോർട്ട്. ശ്രീകാന്തിനു ഉപമുഖ്യമന്ത്രിസ്ഥാനം നല്കിയാൽ ഏക്നാഥ് ഷിൻഡെയ്ക്കു കേന്ദ്രമന്ത്രിസ്ഥാനം നല്കാൻ ബിജെപി തയാറാകില്ലെന്നു സൂചനയുണ്ട്.
അജിത്പക്ഷത്തിനെതിരേ ശിവസേന എംഎൽഎ
മുംബൈ: മഹായുതിയിൽ എൻസിപി (അജിത് പവാർ) ഇല്ലായിരുന്നുവെങ്കിൽ തങ്ങൾക്ക് 90-100 സീറ്റ് കിട്ടുമായിരുന്നുവെന്ന് ശിവസേന എംഎൽഎ ഗുലാബ്റാവു പാട്ടീൽ. പ്രാദേശിക വാർത്താ ചാനലിനോടാണ് പാട്ടീൽ ഇക്കാര്യം പറഞ്ഞത്. ജൽഗാവ് റൂറൽ എംഎൽഎയാണ് ഇദ്ദേഹം.
ഞങ്ങൾ വെറും 85 സീറ്റിലാണു മത്സരിച്ചത്. അജിത്ദാദ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് 90-100 സീറ്റ് ലഭിക്കുമായിരുന്നു. അജിത് പക്ഷത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് എന്തിനാണെന്ന് ഏക്നാഥ് ഷിൻഡെ ഒരിക്കലും ചോദിച്ചിട്ടില്ല- പാട്ടീൽ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് അജിത് പക്ഷം എൻസിപി സർക്കാരിന്റെ ഭാഗമായത്. അജിത്തിനെ മഹായുതിയിൽ ഉൾപ്പെടുത്തിയതുകൊണ്ടാണു ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതെന്ന് ബിജെപി മുന്നണിക്കുള്ളിൽ വിമർശനമുയർന്നിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ 59 സീറ്റിൽ മത്സരിച്ച അജിത് പക്ഷം 41 സീറ്റോടെ തിളക്കമാർന്ന വിജയം നേടി.
ജിതേന്ദ്ര അവാദ് എൻസിപി നിയമസഭാ കക്ഷി നേതാവ്
മുംബൈ: മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജിതേന്ദ്ര അവാദിനെ എൻസിപി
(ശരദ് പവാർ) നിയമസഭാ കക്ഷി നേതാവായി ഇന്നലെ തെരഞ്ഞെടുത്തു. താനെ ജില്ലയിലെ മുംബ്ര-കൽവ മണ്ഡലത്തെയാണ് അവാദ് പ്രതിനിധീകരിക്കുന്നത്. രോഹിത് പാട്ടീൽ ആണു ചീഫ് വിപ്പ്. പാർട്ടിയുടെ പത്ത് എംഎൽഎമാരിൽ സന്ദീപ് ക്ഷീർസാഗർ ഒഴികെയുള്ള എംഎൽഎമാർ നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തു. മുൻകൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതുകൊണ്ടാണ് അദ്ദേഹം വിട്ടുനിന്നത്.