സ്തംഭനം നീങ്ങി; പാർലമെന്റ് സജീവം
Wednesday, December 4, 2024 2:50 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അദാനി, മണിപ്പുർ, സംബാൽ വിഷയങ്ങളിലെ ഒരാഴ്ചയിലേറെ നീണ്ട സ്തംഭനത്തിനു ശേഷം പാർലമെന്റ് ഇന്നലെ സുഗമമായി പ്രവർത്തിച്ചു.
എന്നാൽ, സംബാൽ പ്രശ്നത്തിന്മേൽ ചർച്ച ആവശ്യപ്പെട്ട് അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ്വാദി പാർട്ടി എംപിമാർ രാവിലെ സഭ സമ്മേളിച്ചയുടൻ ബഹളം വച്ചതിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഒരു മിനിറ്റു നേരം വാക്കൗട്ട് നടത്തി. ഉടനെ തിരിച്ചെത്തിയ പ്രതിപക്ഷ എംപിമാർ, ചോദ്യോത്തരവേള മുതൽ സഭാ നടപടികളിൽ സജീവമായി പങ്കെടുത്തു. ആറു ദിവസത്തിനു ശേഷം രാജ്യസഭയും തടസമില്ലാതെ പ്രവർത്തിച്ചു.
എന്നാൽ, അദാനി ഗ്രൂപ്പിന്റെ കൈക്കൂലി അടക്കമുള്ള ആരോപണങ്ങളെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നേതാക്കൾ രാവിലെ പാർലമെന്റിന്റെ പ്രധാന കവാടമായ മകർ ദ്വാറിനു മുന്നിൽ പ്രതിഷേധധർണ നടത്തി. തൃണമൂൽ കോണ്‍ഗ്രസിനു പുറമെ സമാജ്വാദി പാർട്ടിയും പ്രതിഷേധ പരിപാടിയിൽനിന്നു വിട്ടുനിന്നതുവഴി പ്രതിപക്ഷത്തെ ഭിന്നത മറനീക്കി.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബാനറും പ്ലക്കാർഡുകളുമേന്തിയായിരുന്നു എംപിമാരുടെ മുദ്രാവാക്യം വിളിച്ചുള്ള പ്രതിപക്ഷ ധർണ. അദാനി വിഷയത്തിൽ അഞ്ചു ദിവസം പാർലമെന്റ് സ്തംഭിച്ചതിനാൽ സഭയ്ക്കുള്ളിൽ ബഹളം വേണ്ടെന്ന തീരുമാനത്തത്തുടർന്നായിരുന്നു പുറത്തുള്ള പ്രതിഷേധം.
ചൈനയുടെ കടന്നുകയറ്റം, ഭീഷണി എന്നിവയെക്കുറിച്ചു വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ നടത്തിയ പ്രസ്താവനയായിരുന്നു ലോക്സഭയിൽ ശൂന്യവേളയെ സജീവമാക്കിയത്. പ്രധാനമന്ത്രിക്കുള്ളതുപോലെ പ്രതിപക്ഷ നേതാവിന് പാർലമെന്റിൽ പ്രത്യേക അവകാശമുണ്ടെന്നു രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഓം ബിർല വഴങ്ങിയില്ല.
തമിഴ്നാട്ടിലെ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്, ഉത്തർപ്രദേശിലെ സംബാൽ അക്രമം, ഹരിയാനയിലെയും പഞ്ചാബിലെയും കർഷകരുടെ വൈക്കോൽ കത്തിക്കൽ മൂലമുള്ള ഡൽഹിയിലെ മലിനീകരണം തുടങ്ങിയവയായിരുന്നു രാജ്യസഭയിലെ ശൂന്യവേളയിലെ മുഖ്യ വിഷയങ്ങൾ.
തമിഴ്നാട്ടിലെ ദുരിതബാധിതർക്ക് അവശ്യസഹായം, അടിസ്ഥാന സൗകര്യങ്ങളുടെ പുനഃസ്ഥാപനം, കാർഷിക മേഖലയുടെ പുനർനിർമാണം തുടങ്ങിയവയ്ക്കായി 2,000 കോടി രൂപ അടിയന്തര ധനസഹായം നൽകണമെന്ന് ഡിഎംകെ അടക്കമുള്ള പാർട്ടികളുടെ എംപിമാർ ആവശ്യപ്പെട്ടു. വയനാട് പുനരധിവാസത്തിന് പ്രത്യേക സഹായം ഉടൻ നൽകണമെന്ന് കക്ഷിഭേദമില്ലാതെ കേരള എംപിമാരും ആവശ്യപ്പെട്ടു.
ലോക്സഭയിൽ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും രാജ്യസഭയിൽ പ്രഫ. രാം ഗോപാൽ യാദവും ആണ് സംബാൽ അക്രമങ്ങൾ ഉന്നയിച്ചത്. പോലീസ് വെടിവയ്പിൽ അഞ്ചുപേർ മരിച്ച അക്രമങ്ങൾക്കു പിന്നിൽ യുപിയിലെ ആദിത്യനാഥ് സർക്കാരിന്റെ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് അഖിലേഷ് ആരോപിച്ചു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ പാർലമെന്റിലെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം ചേർന്നാണ് അദാനി പ്രശ്നത്തിൽ സഭ സ്തംഭിപ്പിക്കുന്നതു തുടരേണ്ടതില്ലെന്നു തീരുമാനിച്ചത്.
തുടർച്ചയായി സഭ സ്തംഭിക്കുന്ന സ്ഥിതി ഒഴിവാക്കണമെന്ന് തൃണമൂൽ, സമാജ്വാദി അടക്കമുള്ള പാർട്ടികളും കോണ്‍ഗ്രസിലെ ചില എംപിമാരും നിലപാടെടുത്തതോടെയാണു നിലപാടിൽ അയവു വരുത്തിയത്.