വില്ലുപുരത്ത് മന്ത്രിയെ ചെളിവാരിയെറിഞ്ഞു
Wednesday, December 4, 2024 2:50 AM IST
വില്ലുപുരം (തമിഴ്നാട്): തമിഴ്നാട്ടിലെ വില്ലുപുരത്ത് പ്രളയദുരിതാശ്വാസം വിതരണം ചെയ്യാനെത്തിയ വനംമന്ത്രി കെ.പൊന്മുടിക്കുനേരേ അജ്ഞാതസംഘം ചെളിവാരിയെറിഞ്ഞു. ഇരുവൽപേട്ടിലെ പ്രളയമേഖലയിൽ എത്തിയപ്പോഴായിരുന്നു സംഭവം.
പ്രളയത്തിൽ ഒറ്റപ്പെട്ട തങ്ങളെ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് ജനക്കൂട്ടം മന്ത്രിയെ വളയുന്നതിനിടെ ഒരു സംഘം ചെളിവാരിയെറിയുകയായിരുന്നു. മന്ത്രിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും മാത്രമല്ല പോലീസ് സംഘത്തിന്റെ വസ്ത്രങ്ങളിലും ചെളിപുരണ്ടു. എങ്കിലും മനസാന്നിധ്യം കൈവിടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയശേഷമാണു മന്ത്രി പൊന്മുടി മടങ്ങിയത്.
ഒരു രാഷ്ട്രീയനേതാവും കുടുംബാംഗങ്ങളുമാണ് സംഭവത്തിനു പിന്നിലെന്ന് ചെന്നൈയിൽ മന്ത്രി പി.കെ. ശേഖർ ബാബു ആരോപിച്ചു.