എച്ച്എംപിവി പുതിയതല്ല, മാരകവുമല്ല: ഐഎംഎ
Wednesday, January 8, 2025 2:58 AM IST
കൊച്ചി: എച്ച്എംപിവി വൈറസ് പുതിയതോ മഹാമാരിയോ അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). എച്ച്എംപിവി വൈറസ് കോവിഡിനു സമാനമാണെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്നും ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം, സയന്റിഫിക് കമ്മിറ്റി ചെയര്‍മാനും മുഖ്യവക്താവുമായ ഡോ. രാജീവ് ജയദേവന് എന്നിവർ പറഞ്ഞു.
കോവിഡിനു മുന്‍പേ ഈ വൈറസുള്ളതാണ്. ഇതു ചൈനയില്‍നിന്നു വന്നതോ പുതിയ വൈറസോ അല്ല. എച്ച്എംപിവി വൈറസ് പതിറ്റാണ്ടുകളായി ഈ ഭൂമുഖത്തുള്ളതും പലപ്പോഴായി അനേകരെ ബാധിച്ചിട്ടുള്ളതുമാണ്.
ജലദോഷം പരത്തുന്ന വൈറസുകളുടെ പട്ടികയില്‍ വരുന്നതാണ് എച്ച്എംപിവി. ഇതിനെ കോവിഡുമായി താരതമ്യം ചെയ്യുന്നതു ശരിയല്ല. കോവിഡ് ബാധിച്ചാലുള്ള ക്വാറന്റൈൻ ഇതിന് ആവശ്യമില്ല. പരമാവധി ഏഴുദിവസം കൊണ്ട് രോഗം ഭേദമാകും.
കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ പലയിടത്തായി എച്ച്എംപിവി വൈറസ് ബാധിച്ച 16 കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
ശൈത്യകാലത്താണ് എച്ച്എംപിവി വൈറസ് ബാധ വര്‍ധിക്കുന്നത്. ചൈനയില്‍ ഇപ്പോള്‍ ശൈത്യകാലമാണ്. അതിനാൽത്തന്നെ ഈ സമയത്ത് അവിടെ ആശുപത്രികളില്‍ വലിയ തിരക്കാണ്. ഇതിന്റെയെല്ലാം ദൃശ്യങ്ങളാണ് വീണ്ടും മഹാമാരി വരുന്നുവെന്ന അനാവശ്യ ഭീതി പരത്തി സമൂഹമാധ്യമങ്ങളിലൂടെ വലിയതോതില്‍ പ്രചരിപ്പിക്കുന്നത്.
എച്ച്എംപിവി വൈറസിനെതിരേ നിലവില്‍ പ്രത്യേക മരുന്നുകളോ വാക്സിനുകളോ ഇല്ല. അത്രയും ഗുരുതരമല്ലാത്തതിനാലാണു വാക്സിനിലേക്കൊന്നും പോകാത്തതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.