റിജിത്ത് വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം
Wednesday, January 8, 2025 1:46 AM IST
തലശേരി: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ അരക്കൻ റിജിത്തിനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരായ ഒന്പതു പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും. തലശേരി അഡീഷണൽ സെഷൻ കോടതി-മൂന്ന് ജഡ്ജി റൂബി കെ. ജോസ് ആണ് ശിക്ഷ വിധിച്ചത്.
കണ്ണപുരം ചുണ്ട വയക്കോടൻ വീട്ടിൽ വി.വി. സുധാകരൻ (56), കോത്തില താഴെവീട്ടിൽ ജയേഷ് (39), ചാങ്കുളത്ത് പറമ്പിൽ സി.പി. രഞ്ജിത്ത് (42), പുതിയപുരയിൽ പി.പി. അജീന്ദ്രൻ (50), ഇല്ലിക്കവളപ്പിൽ ഐ.വി.അനിൽകുമാർ (51), പുതിയപുരയിൽ പി.പി. രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം വടക്കേ വീട്ടിൽ വി.വി. ശ്രീകാന്ത് (46), സഹോദരൻ വി.വി. ശ്രീജിത്ത് (42), തെക്കേവീട്ടിൽ ടി.വി. ഭാസ്കരൻ (62) എന്നിവരെയാണ് ശിക്ഷിച്ചത്.
307 വകുപ്പ് പ്രകാരം പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും 302 പ്രകാരം ജീവപര്യന്തവും പതിനായിരം രൂപ പിഴയും 324 പ്രകാരം മൂന്നു വർഷം തടവും 147 വകുപ്പ് പ്രകാരം രണ്ടു വർഷം തടവും 143 വകുപ്പു പ്രകാരം ആറുമാസം തടവും 341 പ്രകാരം ഒരു മാസം തടവ് ഉൾപ്പെടെയാണു ശിക്ഷ. കേസിൽ പത്തു പ്രതികളാണുണ്ടായിരുന്നത്. ഇതിൽ മൂന്നാം പ്രതി പിന്നീട് മരിച്ചു.
2005 ഒക്ടോബർ രണ്ടിനു രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്കു നടന്നുപോകുകയായിരുന്ന റിജിത്തിനെ പത്തംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരായ കെ.വി. നികേഷ്, ചിറയിൽ വികാസ്, കെ. വിമൽ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.
പ്രതികളിൽ ഒരാൾ ഒറ്റ വെട്ടിനാണു റിജിത്തിനെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയതിൽ മറ്റു പ്രതികൾക്കു നേരിട്ട് പങ്കില്ലെങ്കിലും സംഭവസമയത്ത് കൊലപാതകിയെ സഹായിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന കാരണത്താലാണു മുഴുവൻ പ്രതികളെയും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി ശിക്ഷിച്ചത്. ഇത്തരം കേസുകളിൽ മുഴുവൻ പേരെയും ശിക്ഷിക്കുന്നത് അപൂർവ സംഭവമാണ്.
കൊലപാതകം നടന്ന് 20 വർഷത്തിനു ശേഷമാണ് കേസിന്റെ വിധി വരുന്നത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ ഹാജരായി.