ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ കേസെടുത്തു
Wednesday, January 8, 2025 2:58 AM IST
കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണു കേസ്.
ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇന്നലെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ബോബി ചെമ്മണ്ണൂരിനെതിരേ നടി പരാതി നല്‍കിയത്.
തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും ലൈംഗികച്ചുവയോടെ തുടര്‍ച്ചയായി പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചപ്പോള്‍ ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വീണ്ടും അധിക്ഷേപം തുടര്‍ന്നതോടെയാണു പരാതി നല്‍കിയത്.
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടി നടി ഞായറാഴ്ച നല്കിയ പരാതിയില്‍ ജില്ലയ്ക്കു പുറത്തുള്ള ഏഴോളം പേര് പോലീസ് നിരീക്ഷണത്തിലാണെന്നാണ് സൂചന. ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പോലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവര്‍ക്കെതിരേ ഉടനടി കേസെടുക്കാനുള്ള നീക്കത്തിലാണു പോലീസ്.
സൈബര്‍ പോലീസിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുളള അന്വേഷണം തുടരുകയാണ്. വ്യാജ ഐഡികളാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണു പോലീസിന്റെ നീക്കം.
നടിയുടെ പോസ്റ്റിനു താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. ബോബി ചെമ്മണ്ണൂരിനെ അഭിസംബോധന ചെയ്ത കുറിപ്പും ഹണി റോസ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
തനിക്കെതിരേയുള്ള അധിക്ഷേപങ്ങള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. കൂട്ടാളികള്‍ക്കെതിരേയുള്ള പരാതിപുറകെയുണ്ടെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.