വാഹനങ്ങളില്‍ എല്‍ഇഡി ലേസര്‍ ലൈറ്റുകള്‍; യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ടെങ്കില്‍
ഫിറ്റ്നസ് റദ്ദാക്കണമെന്നു ഹൈക്കോടതി
Wednesday, January 8, 2025 1:46 AM IST
കൊച്ചി: എല്‍ഇഡി ലേസര്‍ ലൈറ്റുകളും അലങ്കാരങ്ങളും ഘടിപ്പിച്ച വാഹനങ്ങള്‍ എതിരേ വരുന്ന വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്നുണ്ടെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹൈക്കോടതി.
ഇന്‍ഡിക്കേറ്ററും സ്റ്റോപ്പ് ലൈറ്റും ഇല്ലാത്ത വാഹനങ്ങളെ നിരത്തിലിറക്കാന്‍ അനുവദിക്കരുതെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും നിര്‍ദേശം നല്കി.
സുരക്ഷാചട്ടങ്ങള്‍ ലംഘിക്കുന്ന കോണ്‍ട്രാക്ട് കാരിയേജ് വാഹനങ്ങള്‍ക്കെതിരേയും യാത്രയ്ക്കിടെ വാഹനങ്ങളുടെ ഡ്രൈവര്‍ കാബിനില്‍ പ്രമോഷണല്‍ വീഡിയോ ചിത്രീകരിച്ചാല്‍ ഉടമയ്ക്കും ഡ്രൈവര്ക്കുമെതിരേയും കര്‍ശന നടപടി സ്വീകരിക്കണം. ഓരോ നിയമലംഘനത്തിനും 5,000 രൂപവീതം പിഴചുമത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ശബരിമല തീര്‍ഥാടക വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.