പുല്ലുപാറ ബസ് അപകടം ; ബ്രേക്ക് തകരാർ ഇല്ലെന്ന് എംവിഡി
Wednesday, January 8, 2025 1:46 AM IST
മുണ്ടക്കയം ഈസ്റ്റ്: പുല്ലുപാറയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കെഎസ്ആർടിസി ബസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധിച്ചു. പ്രഥമിക പരിശോധനയിൽ ബസിന്റെ ബ്രേക്കിന് തകരാർ കണ്ടെത്താനായില്ല.
തിങ്കളാഴ്ച പുലർച്ചെ 6.10ഓടുകൂടിയായിരുന്നു അപകടം. അപകടത്തിന് ഇടയാക്കിയ കെഎസ്ആർടിസിയുടെ ഡീലക്സ് ബസ് തിങ്കളാഴ്ച രാത്രി തന്നെ ക്രെയിൻ ഉപയോഗിച്ച് റോഡിൽ കയറ്റി പെരുവന്താനം പോലീസ് സ്റ്റേഷൻ വളപ്പിൽ എത്തിച്ചിരുന്നു. ഈ വാഹനമാണ് ഇന്നലെ രാവിലെ മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പരിശോധിച്ചത്.
ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ കെ.കെ. രാജീവ്, വണ്ടിപ്പെരിയാർ ജോയിന്റ് ആർടിഒ ടി.എം. ഇബ്രാഹിംകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ബസ് പരിശോധിച്ചത്.
ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് തിങ്കളാഴ്ച തന്നെ മോട്ടോർ വാഹനവകുപ്പ് അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കൈമാറിയിരുന്നു. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു സംഘത്തിന്റെ വിശദമായ പരിശോധന.
പ്രാഥമിക പരിശോധനയിൽ ബസിന്റെ ബ്രേക്കിന് തകരാർ കണ്ടെത്താനായിട്ടില്ലെന്നും വാഹനത്തിൽ സ്പീഡ് ഗവേണർ ഉണ്ടായിരുന്നെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടുതൽ പരിശോധനക്കായി ബസ് പൊൻകുന്നം ഡിപ്പോയിലെത്തിച്ച് ബ്രേക്ക് ഡ്രം അഴിച്ച് പരിശോധിക്കും. ബ്രേക്ക് ഷൂവിന്റെ നിലവിലെ സ്ഥിതി അറിയുന്നതിനായാണ് ഇത് അഴിച്ച് പരിശോധിക്കുന്നതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ഇതിന് ശേഷം വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് അന്തിമ റിപ്പോർട്ട് തയാറാക്കും. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് നേരത്തെ ഡ്രൈവർ പറഞ്ഞിരുന്നു.
തഞ്ചാവൂർ പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. മാവേലിക്കര സ്വദേശികളാണ് അപകടത്തിൽ മരണപ്പെട്ടത്.