സർവകലാശാലകളിൽ പ്രാധാന്യം നല്കേണ്ടതു ഗവേഷണങ്ങൾക്കെന്നു ഗവർണർ
Wednesday, January 8, 2025 1:46 AM IST
തിരുവനന്തപുരം: സർവകലാശാലകളിൽ പ്രാധാന്യം നല്കേണ്ടതു ഗവേഷണങ്ങൾക്കെന്നു ഗവർണർ വിശ്വനാഥ് അർലേക്കർ. ഗവർണറായി ചാർജെടുത്ത ശേഷം സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഗവർണർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. എന്നാൽ വിദ്യാഭ്യാസമേഖലയിൽ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണം. സർവകലാശാലകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഉൾപ്പെടെ രാഷ്ട്രീയ അതിപ്രസരം പാടില്ല.
വിദ്യാർഥികളുടെ ഉന്നതിക്കും ക്ഷേമത്തിനുമായിരിക്കണം പ്രാധാന്യം നൽകേണ്ടത്. കാന്പസ് രാഷ്ട്രീയം വിദ്യാർഥികളെ ദോഷകരമായി ബാധിക്കരുതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 11 സർവകലാശാല വിസിമാരും സംസ്കൃത, സാങ്കേതിക സർവകലാശാല രജിസ്ട്രാർമാരുമാണ് യോഗത്തിൽ പങ്കെടുത്തത്.