യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി.വി. അന്‍വര്‍ പാണക്കാട്ട്
Wednesday, January 8, 2025 2:58 AM IST
മലപ്പുറം: ജയില്‍മോചിതനായി തിരിച്ചെത്തിയ പി.വി. അന്‍വര്‍ എംഎല്‍എ, യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെ ഇന്നലെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ പാണക്കാട്ടെത്തിയ അന്‍വര്‍ കാല് മണിക്കൂറോളം സാദിഖലി തങ്ങളുമായി ചര്‍ച്ച നടത്തി.
അന്‍വറിന്റേത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ചൊവ്വാഴ്ച ഞാന്‍ എല്ലാവരെയും കാണുന്ന ദിവസമാണ്. ഇവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരിക്കും അന്‍വര്‍ വന്നത്. ജയില്‍ മോചിതനായിട്ടാണു വന്നതെന്ന് പറഞ്ഞു.
മറ്റൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച വിഷയം മുന്നണി വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പത്തു വര്‍ഷമായി യുഡിഎഫ് അധികാരത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. ഇനിയും അത് തുടരാനാകില്ല.
അധികാരത്തിലേക്കു തിരിച്ചെത്താനുള്ള രാഷ്ട്രീയമായ എല്ലാ കാര്യങ്ങളും യുഡിഎഫിന്റെ തീരുമാനങ്ങളിലുണ്ടാകും. അന്‍വര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രശ്നത്തില്‍ യുഡിഎഫിന് എതിര്‍പ്പില്ല. പുതിയ വനം നിയമ ഭേദഗതി സര്‍ക്കാര്‍ പുനരാലോചിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
അന്‍വറിനെ മുന്നണിയിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് ആണ് പ്രതികരിക്കേണ്ടത്. കേരളത്തില്‍ അധികാരത്തിലേക്കു തിരിച്ചുവരാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും യുഡിഎഫ് ചെയ്യുമെന്നും അതിനുതകുന്ന തീരുമാനങ്ങളാകും ഉണ്ടാവുക എന്നും തങ്ങള്‍ പറഞ്ഞു.
അതേസമയം, മലയോരമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ പിന്തുണ അറിയിച്ചുവെന്നും കൂടിക്കാഴ്ചക്കു ശേഷം അന്‍വര്‍ പറഞ്ഞു. യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ച നടത്താനല്ല, മലയോര ജനതയുടെ കഷ്ടപ്പാട് ചര്‍ച്ച ചെയ്യാനാണെന്ന് പാണക്കാട്ടെത്തിയത്.
യുഡിഎഫ് പ്രധാന ഘടകകക്ഷി എന്ന നിലയ്ക്ക് വനഭേദഗതി ബില്ലിനെ എതിര്‍ക്കാനുള്ള പിന്തുണ തേടിയാണ് വന്നത്. പിണറായി സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് ലക്ഷ്യം. രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
പാണക്കാട്ടെ കൂടിക്കാഴ്ചക്ക് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വസതിയിലെത്തിയ അന്‍വര്‍ മുസ്ലിം ലീഗ് നേതാക്കളുമായി ആശയവിനിമയം നടത്തി.
മലയോര കര്‍ഷകരുടെ പ്രശ്നമാണ് അന്‍വര്‍ ഉയത്തിപ്പിടിക്കുന്നതെന്നും സ്വാഭാവികമായും കൃഷിക്കാരുടെയും മലയോര മേഖലയില്‍ ജീവിക്കുന്നവരുടെയും പ്രശ്നങ്ങളോട് മുസ്ലിം ലീഗ് പാര്‍ട്ടിക്കു വളരെ അനുഭാവമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.