യുഡിഎഫ് വിപുലീകരണം രാഷ്ട്രീയ സാഹചര്യമനുസരിച്ച്: വി.ഡി. സതീശൻ
Wednesday, January 8, 2025 2:58 AM IST
തിരുവനന്തപുരം: യുഡിഎഫ് വിപുലീകരണം രാഷ്ട്രീയ സാഹചര്യങ്ങൾക്ക നുസരിച്ച് ഉചിതമായ സമയത്തു തീരുമാനിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
""പി.വി. അൻവറിനെക്കൊണ്ട് എനിക്കെതിരേ ആരോപണം ഉന്നയിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതേ പിണറായി വിജയനെതിരേ അൻവർ ഇനി ഒന്നും പറയാൻ ബാക്കിയില്ല. അതാണു കാലത്തിന്റെ കാവ്യനീതി’’.-സതീശൻ പറഞ്ഞു.
""വയനാട്ടിലെ ഡിസിസി ട്രഷററുടെ മരണം സംബന്ധിച്ച് പാർട്ടി അന്വേഷിക്കുകയാണ്. രണ്ടു ദിവസം മുന്പാണ് കുടുംബാംഗങ്ങൾ കത്ത് തന്നത്. അവ്യക്തതയുള്ള ഭാഗങ്ങൾ അവരോടുതന്നെ വിശദമായി ചോദിച്ചറിഞ്ഞു.
അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്നു ഞാൻ പറഞ്ഞിട്ടില്ല. പാർട്ടിയിലെ എല്ലാവരുമായും ആലോചിച്ചു മറുപടി പറയാമെന്നാണ് അവരോടു പറഞ്ഞത്. ഇപ്പോൾ കത്ത് പുറത്തുവന്നു. കെപിസിസി അധ്യക്ഷൻതന്നെ അതേക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയ ചുമതലപ്പെടുത്തി. ആ കമ്മിറ്റി അന്വേഷിച്ചുകൊണ്ടിരിക്കുന്പോൾ അതേക്കുറിച്ച് അഭിപ്രായം പറയുന്നത് ബാലിശമാണ്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വരാതെ പ്രതികരിക്കുന്നത് ശരിയല്ല.
കത്തു നൽകിയിട്ടു പത്തു ദിവസം കാത്തിരിക്കാമെന്ന് അവർ തന്നെയാണു പറഞ്ഞത്. എല്ലാവരുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ രണ്ടു ദിവസം മുന്പ് അവർതന്നെ കത്തു പുറത്തുവിട്ടു. കെപിസിസി പ്രസിഡന്റുമായും നേതാക്കളുമായും ആലോചിച്ചേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാകൂ''-സതീശൻ പറഞ്ഞു.
സർവകലാശാലാ വിസിമാരെ കണ്ടെത്തുന്നതിൽ ഗവർണർമാർക്കു കൂടുതൽ അധികാരം നൽകുന്നത് നല്ലതല്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ഉള്ളപ്പോൾ സ്വതന്ത്രവും നിഷ്പക്ഷവുമായി വിസിമാരെ കണ്ടെത്താനുള്ള അന്തരീക്ഷമാണ് ഉണ്ടാക്കേണ്ടത്.
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് പല ഗവർണർമാരും ചെയ്യുന്നത്. സ്വതന്ത്രവും നിഷ്പക്ഷവുമായി വിസിമാരെ കണ്ടെത്താനാകില്ലെന്നു വ്യക്തമാക്കുന്നതാണ് യുജിസി ഭേദഗതി. അതു ശരിയല്ല. വിസിമാരെ കണ്ടെത്താനുള്ള ബദൽ മാർഗത്തെക്കുറിച്ച് ആലോചിക്കണമെന്നും സതീശൻ പറഞ്ഞു.