പി. ജയരാജനെ ജയിൽ ഉപദേശക സമിതിയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം: കോൺഗ്രസ്
Wednesday, January 8, 2025 1:46 AM IST
കണ്ണൂർ: പെരിയ ഇരട്ട കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു സ്വീകരിച്ചാനയിച്ച സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനെ ജയിൽ ഉപദേശക സമിതിയിൽനിന്നു പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നു സണ്ണി ജോസഫ് എംഎൽഎയും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും ആവശ്യപ്പെട്ടു.
കോടതി ശിക്ഷിക്കപ്പെട്ട പ്രതികളെ ഹർഷാരവത്തോടെ ജയിലിലേക്ക് ആനയിച്ച സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയും സമാധാന കാംക്ഷികളെ ഞെട്ടിക്കുന്നതുമാണെന്നു ഡിസിസിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഇരുവരും പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തിനു സിപിഎം പ്രേരണയും പിന്തുണയും സഹായവും നല്കുന്നതിന്റെ പരസ്യ പ്രഖ്യാപനമാണ് പി. ജയരാജന്റെ കാർമികത്വത്തിൽ കണ്ണൂരിൽ അരങ്ങേറിയതെന്നും അവർ ചൂണ്ടിക്കാട്ടി.