കർഷകനെതിരേ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം: റവ. ഡോ. ഫിലിപ്പ് കവിയിൽ
Wednesday, January 8, 2025 2:58 AM IST
കണ്ണൂർ: ജനവാസ കേന്ദ്രത്തിലെ കർഷകന്റെ കൃഷിയിടത്തിൽ പുലിയിറങ്ങിയതിന് കർഷകനെതിരേ കേസെടുക്കാനുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ഉപേക്ഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ.
കർഷകന്റെ കൃഷിയിടത്തിൽ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു പുലി. ഇതിനെതിരേ കേസെടുക്കാനുള്ള നീക്കം അനീതിയാണ്. വന്യജീവിയെ വനത്തിൽ കയറി ആക്രമിച്ചാൽ കേസെടുക്കുന്നതിൽ വിരോധമില്ല. എന്നാൽ, ജനവാസകേന്ദ്രത്തിലേക്കു വന്യജീവികൾ ഇറങ്ങിവന്നാൽ കർഷകർക്കെതിരേ കേസെടുക്കുന്നത് ജനദ്രോഹപരമാണ്.
ഇത്തരം നടപടികൾ വനംവകുപ്പും വനംമന്ത്രിയും തുടർന്നാൽ കേരളത്തിലുടനീളം വലിയ പ്രക്ഷോഭങ്ങൾക്കു കത്തോലിക്ക കോൺഗ്രസ് തുടക്കംകുറിക്കും. സാധാരണക്കാർക്കും കർഷകർക്കും വന്യജീവി ശല്യത്താൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
വനത്തിൽ നിൽക്കേണ്ട വന്യജീവികൾ കൃഷിയിടത്തിലേക്ക് വരുന്പോൾ വനംവകുപ്പിനെതിരേ ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്ന രീതിയിൽ കേസെടുക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടു.