സംസ്ഥാനത്തെ ആദ്യ കാര്‍ട്ടിലേജ്- ബോണ്‍ കോംപ്ലക്സ് ട്രാന്‍സ്പ്ലാന്റ് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍
Wednesday, January 8, 2025 1:46 AM IST
കോട്ടയം: അപകടത്തില്‍ കാല് മുറിച്ചുമാറ്റേണ്ടി വന്ന യുവാവിന്റെ കാര്‍ട്ടിലേജ്- ബോണ്‍ കോംപ്ലക്സ് 23 വയസുകാരന്റെ കാല്‍മുട്ടില്‍ മാറ്റി സ്ഥാപിച്ച് അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്ത് പാലാ മാര്‍ സ്ലീവാ മെഡിസിറ്റി പുതിയ ചരിത്രം കുറിച്ചു. മറ്റ് അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് പുറമേ കാര്‍ട്ടിലേജ്- ബോണും മാറ്റി സ്ഥാപിക്കാമെന്ന പുതിയ സാധ്യതയ്ക്കാണ് തുടക്കമായിരിക്കുന്നത്.
നൂതനമായ എഫ്ഒസിഎടി (ഫ്രഷ് ഓസ്റ്റിയോ കോണ്‍ട്രല്‍ അല്ലോഗ്രാഫ്റ്റ് ട്രാന്സ്പ്ലാന്റേഷന്) എന്ന ശസ്ത്രക്രിയ ഓര്‍ത്തോപീഡിക്സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.ബി. രാജീവിന്റെ നേതൃത്വത്തിലാണ് വിജയകരമായി നടത്തിയത്. കായംകുളം സ്വദേശിയായ യുവാവിനാണ് ഏഴു മാസം മുന്‍പ് നടന്ന വാഹനാപകടത്തില്‍ കാല്മുട്ടിനുള്ളിലെ കാര്‍ട്ടിലേജും അസ്ഥിയും നഷ്ടപ്പെട്ടത്.
മുട്ടിലെ അസ്ഥിയിലെ വലിയ വിടവ് മൂലം യുവാവിന് ഭാരം താങ്ങി നടക്കാന്‍ സാധിക്കില്ലാത്തതിനാല്‍ ഒന്നുകില്‍ കൃത്രിമ സന്ധി ഘടിപ്പിക്കുകയോ അല്ലെങ്കില്‍ അവയവമാറ്റത്തിലൂടെ അസ്ഥിയും തരുണാസ്ഥിയും മാറ്റി സ്ഥാപിക്കുകയോ ചെയ്യുക എന്നത് മാത്രമായിരുന്നു മാര്‍ഗങ്ങള്‍.
ചെറുപ്പക്കാരില്‍ കൃത്രിമ സന്ധി വച്ചു പിടിപ്പിക്കുന്നതിന്റെ പരിമിതികള്‍ കണക്കിലെടുത്ത് അനുയോജ്യമായ അല്ലോഗ്രാഫ്റ്റിനായി അയല്‍ സംസ്ഥാനങ്ങളിലെ ടിഷ്യൂ ബാങ്കുകളില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതിനിടയില്‍ മംഗലാപുരത്ത് അപകടത്തില്‍ ഗുരുതര പരുക്കേറ്റ് മുട്ടിനു മുകളില്‍ വച്ചു കാല് മുറിച്ചുമാറ്റേണ്ടി വന്ന യുവാവിന്റെ ബന്ധുക്കള്‍ അസ്ഥി ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചു.
ഉടന്‍ തന്നെ മംഗലാപുരം കെ.എസ്. ഹെഗ്ഡെ മെഡിക്കല്‍ കോളജില്‍ ഡോ. വിക്രം ഷെട്ടിയുടെ നേതൃത്വത്തില്‍ കാല്‍മുട്ടിന്റെ ഭാഗം അവയവദാനത്തിനായി നീക്കം ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ന്ന് മൈനസ് 80 ഡിഗ്രി താപനിലയില്‍ പ്രത്യേകം ശീതീകരിച്ച പെട്ടിയില്‍ ട്രെയിന്‍ മാര്‍ഗമാണ് അവയവം എത്തിച്ചത്. വൈകാതെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡോ. പി.ബി. രാജീവിന്റെ നേതൃത്വത്തില്‍ ശാസ്ത്രക്രിയ നടത്തി.
അനസ്ത്യേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. സേവ്യര്‍ ജോണ്‍, ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലെ ഡോ. അഭിരാം കൃഷ്ണന്, ഡോ. എസ്.ഡി. ശരത് എന്നിവരും ശസ്ത്രക്രിയ ടീമിന്റെ ഭാഗമായി. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കാര്‍ട്ടിലേജ്- ബോണ്‍ കോംപ്ലക്സ് മാറ്റി സ്ഥാപിച്ചു.
ഏതാനും ദിവസത്തിനുള്ളില്‍ യുവാവ് സുഖം പ്രാപിച്ചു മടങ്ങി. ഏതാനും മാസങ്ങള്‍ക്കകം കാലില്‍ ഭാരം താങ്ങി സാധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുമെന്നു ഡോക്്ടര്‍മാര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ആശുപത്രി മാനേജിംഗ് ഡയറക്്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍കോമഡോര്‍ ഡോ. പോളിന് ബാബു, ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. മാത്യു ഏബ്രഹാം, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.ബി. രാജീവ് എന്നിവര്‍ പങ്കെടുത്തു.