ജയസൂര്യക്കെതിരേയുള്ള കേസ്: നടിയുടെ മൊഴി രേഖപ്പെടുത്തി
Friday, September 6, 2024 1:51 AM IST
തൊടുപുഴ: ഷൂട്ടിംഗ് ലൊക്കേഷനിൽവച്ച് നടൻ ജയസൂര്യ കടന്നുപിടിച്ചെന്ന കേസിൽ പരാതിക്കാരിയായ നടി തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. ഇന്നലെ രാവിലെ പത്തോടെയാണ് നടി സ്റ്റേഷനിലെത്തിയത്.
വനിതാ എസ്ഐയുടെ നേതൃത്വത്തിലാണ് ഉച്ചകഴിഞ്ഞ് 2.30 വരെ ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. പിന്നീട് സംഭവം നടന്നുവെന്നു പറയുന്ന, കൂത്താട്ടുകുളത്തിന് സമീപത്തെ പന്നിഫാമിലും നടിയെ കൊണ്ട ുപോയി. കൃത്യം നടന്ന സ്ഥലം നടി തിരിച്ചറിഞ്ഞ് പോലീസിനു കാണിച്ചുകൊടുത്തു.
നടിയുടെ വെളിപ്പടുത്തലിനെത്തുടർന്ന് കരമന പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് തൊടുപുഴ പോലീസിനു കൈമാറുകയായിരുന്നു. 2013ൽ തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും ജയസൂര്യ നായകനായ പിഗ്മാൻ എന്ന സിനിമ ചിത്രീകരിച്ചിരുന്നു.
സിനിമയുടെ ഷൂട്ടിംഗ് നടന്ന പന്നിഫാമിൽ വച്ച് ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി പ്രത്യേക അന്വേഷണസംഘത്തിലെ എഐജി ജി.പൂങ്കുഴലിക്ക് മൊഴി നൽകിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള കേസുകൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സംഘംതന്നെയാണ് ഈ കേസും അന്വേഷിക്കുന്നത്. തൊടുപുഴ സ്റ്റേഷനിൽനിന്നുള്ള വനിതാ എസ്ഐ ശ്രീദേവിയുടെ നേതൃത്വത്തിൽ അഞ്ചുപേർ പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കും.