പതിനഞ്ചുകാരിയെ ബസ്സ്റ്റോപ്പിൽനിന്നു തട്ടിക്കൊണ്ടുപോയതായി പരാതി
Monday, December 30, 2024 1:57 AM IST
ചാലക്കുടി: പള്ളി സ്റ്റോപ്പിൽ ബസ് കാത്തുനിന്ന 15 വയസുകാരിയെ ബലമായി വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയതായി പരാതി. മൂന്നു മണിക്കൂറിനു ശേഷം പെൺകുട്ടി വാഹനത്തിൽനിന്ന് ഇറങ്ങി ഓടിരക്ഷപ്പെട്ടതായി പറയുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണു സംഭവം ഉണ്ടായതായി പറയുന്നത്. പള്ളിയിൽനിന്നു വീട്ടിലേക്കുപോകാൻ ബസ് സ്റ്റോപ്പിൽ നില്ക്കുമ്പോൾ വാനിൽ എത്തിയ ഒരു സംഘം ആളുകൾചേർന്ന് പെൺകുട്ടിയെ ബലമായി കയറ്റിക്കൊണ്ടുപോയെന്നാണ് പരാതി. ഉച്ചകഴിഞ്ഞ് രണ്ടോടെ വി.ആർ പുരത്തുവച്ച് പെൺകുട്ടി വാഹനത്തിൽനിന്ന് ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നത്രേ. പെൺകുട്ടി ഭയന്നുവിറച്ച് ഒരു വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും രക്ഷപ്പെട്ട് വരികയാണെന്നും വീട്ടുടമസ്ഥനെ അറിയിച്ചു.
വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. കാലിലും ചെറിയ മുറിവുകളും കാണപ്പെട്ടു. വീട്ടുടമ അറിയിച്ചതുപ്രകാരം കൗൺസിലർ ഷിബു വാലപ്പനാണു പോലീസിനെ വിവരമറിയിച്ചത്.
വാഹനത്തിൽ കയറ്റിയശേഷം ഒന്നും ഓർമയില്ലെന്നാണു പെൺകുട്ടി പോലീസിനോട് പറയുന്നത്. കൈയിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചതായി സംശയമുണ്ട്. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.