ഉമ തോമസ് എംഎല്‍എയുടെ അപകടം: സ്റ്റേജ് നിര്‍മാണത്തില്‍ അപാകത
Monday, December 30, 2024 3:17 AM IST
കൊച്ചി: നൃത്തപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയ ഉമ തോമസ് എംഎല്‍എ താഴെ വീഴാന്‍ കാരണം സ്റ്റേജ് നിര്‍മാണത്തിലെ അപാകതയെന്ന് ആക്ഷേപം. ഗാലറിയിലെ കൈവരിക്കൊപ്പം നിരപ്പില്‍ നിര്‍മിച്ച സ്റ്റേജില്നിന്നാണ് ഉമ തോമസ് താഴേക്കു വീണത്.
സ്റ്റേജിന് മുന്‍വശത്ത് ബാരിക്കേഡുകള്‍ ഒന്നുംതന്നെ സ്ഥാപിച്ചിരുന്നില്ല. ഇവിടെയിരിക്കുന്നവര്‍ക്ക് പരിപാടി വ്യക്തമായി കാണുന്നതിനുവേണ്ടി ബാരിക്കേഡുകള്‍ സ്ഥാപിക്കാതെ റിബണ്‍ മാത്രമാണു കെട്ടിയിരുന്നത്. ഇതിന് തൊട്ടുപിന്നിലായി ആദ്യവരി കസേരകള്‍ ഇട്ടിരുന്നു. ഇതിനിടയിലൂടെ നടന്നുപോകുമ്പോഴായിരുന്നു കാല് വഴുതി ബാലന്‍സ് നഷ്ടപ്പെട്ട് ഉമ തോമസ് താഴേക്കു വീണത്.
ഗിന്നസ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതിനും ഫോട്ടോ എടുക്കുന്നതിനുമാണ് ഗാലറിയില്‍ സ്റ്റേജ് തയാറാക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ അനുമതിയും വാങ്ങിയാണു സ്റ്റേജ് കെട്ടിയത്. താഴെ നിലവിളക്ക് കത്തിച്ച് പരിപാടി ആരംഭിക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിളക്ക് താഴെ കത്തിക്കുന്നതിന് അനുമതി ലഭിക്കാതെ വന്നപ്പോള്‍ മുകളിലേക്ക് മാറ്റിയതാണെന്നും സംഘാടകര്‍ അറിയിച്ചു. എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യം പരിശോധിച്ചുവരികയാണ്. ഇതിനായി വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.
അപകടശേഷവും ആഘോഷം
ഗാലറിയില്‍നിന്നു വീണ് എംഎല്‍എയ്ക്ക് ഗുരുതരപരിക്കേറ്റശേഷവും നൃത്തപരിപാടി തുടര്‍ന്ന് സംഘാടകര്‍. സംഭവത്തിനുശേഷം കുറച്ചുനേരം നൃത്തപരിപാടി നടത്തിയതിനുശേഷമാണ് പരിപാടി അവസാനിപ്പിച്ചത്. ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്തപരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കാനെത്തിയിരുന്നു.
ഗിന്നസ് റിക്കാര്‍ഡ് അധികൃതരും എത്തിയിരുന്നു. അതിനാലാണ് നൃത്തപരിപാടി നടത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു. തുടര്‍ന്നുള്ള നൃത്തപരിപാടികള്‍ നിര്‍ത്തിവച്ചെന്നും സംഘാടകര്‍ അറിയിച്ചു. നമ്മുടെ അശ്രദ്ധ കൊണ്ട് ഗിന്നസ് കിട്ടാതെ പോകരുതെന്നു വിചാരിച്ചാണ് പരിപാടി പൂര്‍ത്തിയാക്കിയതെന്നാണ് സംഘാടകരുടെ വിശദീകരണം.
ആരോഗ്യസ്ഥിതി വിലയിരുത്താൻ വിദഗ്ധ സംഘം: മന്ത്രി വീണ
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വിദഗ്ധ മെഡിക്കല്‍ സംഘം കൂടി ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളജിലെയും എറണാകുളം മെഡിക്കല്‍ കോളജിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എത്തുന്നത്. ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് പുറമേയാണിത്. ചികിത്സയിലുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരുമായും മന്ത്രി സംസാരിച്ചു.