160 ലോട്ടറി ഏജന്റുമാർക്ക് വീട് നിർമിച്ചു നൽകും
സ്വന്തം ലേഖകൻ
Monday, December 30, 2024 1:57 AM IST
തിരുവനന്തപുരം: ഭവന രഹിതരായ 160 ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർക്കും വീടു നിർമിച്ചു നൽകുന്നു. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിലെ ഭവനരഹിതരായ അംഗങ്ങൾക്ക് വീടു നിർമിച്ചു നൽകുന്നതിനുള്ള ധനസമാഹരണാർഥം 2021ലെ വിഷു ബംബറിന്റെ ലാഭ വിഹിതം ഉപയോഗിച്ചാണ് വീടുകൾ നിർമിച്ചു നൽകുന്നത്.
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽനിന്നുള്ള ലാഭ വിഹിതമായ 9.47 കോടി രൂപ ഉപയോഗിച്ചാണ് 160 വീടുകൾ നിർമിക്കുക. ഒരു വീടിന് ആറു ലക്ഷം രൂപ വീതമാകും നൽകുക. നാലു ഘട്ടമായി തുക നൽകും. കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയാകുന്പോൾ ഒരു ലക്ഷവും ചുവരിന്റെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടു ലക്ഷവും കോണ്ക്രീറ്റ് പൂർത്തിയാകുന്പോൾ രണ്ടു ലക്ഷവും തദ്ദേശ സ്ഥാപനത്തിൽനിന്ന് കെട്ടിട നന്പർ ലഭിക്കുന്പോൾ ഒരു ലക്ഷവും ലഭിക്കും.
കഴിഞ്ഞ അഞ്ചു വർഷമായി ക്ഷേമനിധിയിൽ സജീവ അംഗത്വമുള്ളവർക്കാണ് അർഹത. അപേക്ഷകന്റെ കുടുംബത്തിൽ ആർക്കും സ്വന്തമായി വീട് ഉണ്ടായിരിക്കാൻ പാടില്ല. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും സർക്കാർ-അർധ സർക്കാർ-പൊതുമേഖലാ സ്ഥാപനത്തിൽ ജോലിയുണ്ടെങ്കിൽ വീടിന് അർഹതയില്ല. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്നും അർഹതാ മാനദണ്ഡങ്ങളിൽ പറയുന്നു. ജില്ലാ ക്ഷേമനിധി ഓഫിസറും ബോർഡ് അംഗങ്ങളുമാണ് അർഹതാ മാനദണ്ഡങ്ങളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്.