തുടർച്ചയായ വന്യമൃഗ ആക്രമണം: സത്വര നടപടി വേണമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
Monday, December 30, 2024 3:16 AM IST
കോതമംഗലം: തുടർച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് സത്വര നടപടി വേണമെന്നുംകാട്ടാനയെ ഓടിക്കാൻ ദിവസങ്ങളായി വനാതിർത്തിയിൽ കാവൽ നിൽക്കേണ്ടി വന്ന നിസഹായരായ മനുഷ്യരുടെ വേദന മനസിലാക്കാൻ ഇനിയെങ്കിലും ഭരണകർത്താക്കളും വനംവകുപ്പ് അധികൃതരും തയാറാകണമെന്നും കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
മുള്ളരിങ്ങാട്ടെ അമർ ഇലഹിം എന്ന യുവാവിന്റെ ദാരുണ മരണം, വന്യമൃഗങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ വനംവകുപ്പ് പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും, വെള്ളത്തിൽ വരച്ച വര പോലെ, വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ, ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്നുള്ളത് ഖേദകരമാണ്.
അമറിന്റെ കുടുംബത്തിന് മനുഷ്യത്വപരമായ സഹായം നൽകാൻ വനംവകുപ്പ് തയാറാകണമെന്നും ബിഷപ് ആവശ്യപ്പെട്ടു. അടുത്ത കാലം വരെ കാട്ടാനശല്യം ഇല്ലാതിരുന്ന മുള്ളരിങ്ങാട് പ്രദേശത്തുനിന്നും കാട്ടാനകളെ പെരിയാറിന് മറുകരയിലുള്ള വനത്തിലേക്ക് തുരത്താനും അവിടെ ട്രെഞ്ചും ഫെൻസിങ്ങും സ്ഥാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.