ഡിസി ബുക്സ് ചെയ്തത് ഗുരുതര തെറ്റ്; കേസെടുക്കണം: ഇ.പി. ജയരാജൻ
Monday, December 30, 2024 3:17 AM IST
കണ്ണൂർ: ഡിസി ബുക്സ് ചെയ്തത് അതിഗുരുതരമായ തെറ്റാണെന്നും ഇതിനെതിരേ കേസെടുക്കണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ആത്മകഥയിലെ ഉള്ളടക്കമെന്ന പേരിൽ ചില ഭാഗങ്ങൾ ചോർന്നത് ഡിസി ബുക്സിൽനിന്നാണെന്ന പോലീസ് റിപ്പോർട്ടിനു പിന്നാലെ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“പാർട്ടിക്കും സർക്കാരിനും എതിരേ വാർത്തകൾ സൃഷ്ടിക്കാൻ ഡിസി ബുക്സിനെ ഉപയോഗിച്ചുവെന്നാണു ഞാൻ മനസിലാക്കുന്നത്. ഇത്തരത്തിലുള്ള പ്രസാധകർ രാഷ്ട്രീയ കാര്യങ്ങളിൽ സിപിഎമ്മിനെ പോലുള്ള ഒരു പാർട്ടിയെ ദുർബലപ്പെടുത്താനും എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനും വേണ്ടിയുള്ള വാർത്ത സൃഷ്ടിക്കാൻ കൂട്ടുനിന്നതു ശരിയാണോ? ഇക്കാര്യത്തിൽ കേസെടുക്കണമെന്നും എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നുമാണ് എന്റെ അഭിപ്രായം.
പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അതിഗുരുതരമായ തെറ്റാണ് ഡിസി ബുക്സ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ എന്റെ പുസ്തകം പ്രകാശനം ചെയ്യുന്നുവെന്ന് ഡിസി ബുക്സിന്റെ ഫേസ്ബുക് പേജിൽ വന്നത് എന്നെ ഏറെ അദ്ഭുതപ്പെടുത്തി.
ആസൂത്രിതമായ നീക്കമാണിത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവാദമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് ഇതിനു പിന്നിൽ നടന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു’’- ഇ.പി. ജയരാജൻ പറഞ്ഞു.