കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി
Monday, December 30, 2024 3:16 AM IST
കരുവന്നൂര്‍: വായ്പയെടുത്ത തുക തിരിച്ചടച്ചിട്ടും കുടിശികയുണ്ടെന്നു വ്യാജ ആരോപണം നടത്തിയ സംഭവത്തില്‍ കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി.
മുന്‍ മാനേജരും കരുവന്നൂര്‍ തട്ടിപ്പുകേസില്‍ പ്രധാന പ്രതിയുമായ മാപ്രാണം മുത്രത്തിപ്പറമ്പില് ബിജു കരീമിനെതിരേ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ദീപ മോഹനനാണു വിധി പ്രസ്താവിച്ചത്.
മൂര്‍ക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷ നല്കിയ പരാതിയിലാണു കോടതിയുടെ നടപടി. ഇത് ആദ്യമായാണ് സ്വകാര്യ അന്യായത്തില്‍ കരുവന്നൂര്‍ തട്ടിപ്പില്‍ കോടതിയുടെ ഉത്തരവു വരുന്നത്. പോലീസില്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാലാണു കോടതിയെ സമീപിച്ചത്. ജയ്ഷയുടെ ഭര്‍ത്താവ് ഗൗതമന് 2013 ഡിസംബര്‍ ഏഴിന് കരുവന്നൂര്‍ ബാങ്കില്‍നിന്ന് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് പിന്നീട് അടച്ചുതീര്‍ത്തു.
കുറച്ചു പണം സ്ഥിരനിക്ഷേപമിടുകയും ചെയ്തു. കരള്‍രോഗംമൂലം ഇദ്ദേഹം മൂന്നു വര്‍ഷം ചികില്‍സയിലായിരുന്നു. 2018 ജൂണ്‍ 24ന് ഗൗതമന് മരിച്ചു. 2022ല്‍ ജയ്ഷയുടെ വീട്ടിലെത്തിയ കരുവന്നൂര്‍ ബാങ്കിലെ ഉദ്യോഗസ്ഥന് ഗൗതമന്റെ പേരില്‍ ബാങ്കില്‍ 35 ലക്ഷത്തിന്റെ വായ്പാ കുടിശികയുണ്ടെന്നും അടച്ചുതീര്‍ക്കണമെന്നും ആവശ്യപ്പെട്ടു. 2013, 2015, 2016 വര്‍ഷങ്ങളിലായി 35 ലക്ഷത്തിന്റെ വായ്പയെടുത്തെന്നാണു ബാങ്കുകാര് പറഞ്ഞത്. ഇത് വ്യാജ വായ്പയാണെന്നു കാണിച്ച് പോലീസിലും ക്രൈംബ്രാഞ്ചിലും ബാങ്കിലും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇക്കാലത്ത് ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമാണു വ്യാജരേഖകള്വച്ച് വായ്പയെടുത്തെന്നു സംശയിക്കുന്നതായി കാണിച്ചാണ് പരാതിനല്‍കിയത്.
ഇത് പോലീസും ബാങ്കും അവഗണിച്ചതോടെയാണ് കോടതിയെ സമീപിച്ചത്. 334 കോടിയുടെ തട്ടിപ്പ് നടന്നെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ കരുവന്നൂര്‍ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രധാന പ്രതിയാണ് ബിജു കരീം. തട്ടിപ്പുമായി ബന്ധപ്പെട്ട് ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മാപ്പുസാക്ഷിയാണ്.