ഇടുക്കിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
Monday, December 30, 2024 3:17 AM IST
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയൽതൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് അമയൽതൊട്ടി പാലിയത്ത് ഇബ്രാഹിമിന്റെ മകൻ അമർ ഇബ്രാഹിമാണ് (22) മരിച്ചത്.
കോതമംഗലം കുട്ടന്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടു മാറുന്നതിനു മുന്പാണ് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു യുവാവിനു കൂടി ജീവൻ നഷ്ടമാകുന്നത്. അമറിന്റെ വീടിന് 300 മീറ്റർ അകലെ ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.
വീടിനു സമീപത്തെ തേക്ക് പ്ലാന്റേഷനിൽ മേയാൻ വിട്ടിരുന്ന പശുവിനെ അഴിക്കാനാണ് അമറും സുഹൃത്ത് മൻസൂറും (41) പോയത്. ഇതിനിടെ ഇഞ്ചക്കാട്ടിൽനിന്ന രണ്ട് ആനകൾ ഇവർക്കു നേരേ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടുന്നതിനിടെ അമറിനെ കാട്ടാന ചവിട്ടി ക്കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്ത് മൻസൂറിന് നേരേ രണ്ടാമത്തെ ആനയെത്തി. തലനാരിഴയ്ക്കാണ് മൻസൂർ രക്ഷപ്പെട്ടത്. ആനയുടെ ചവിട്ടേറ്റ് മൻസൂറിന്റെ വലതു കാലിന് ഒടിവുണ്ട്.
ആന മടങ്ങുന്നതു വരെ മൻസൂർ കുറ്റിക്കാട്ടിൽ ശ്വാസമടക്കിപ്പിടിച്ചിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മൻസൂർ. യുവാവിന്റെ കരച്ചിലും ആനയുടെ ചിന്നംവിളിയും കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും അമറിനെ രക്ഷിക്കാനായില്ല. വനപാലകരും പോലീസും സ്ഥലത്തെത്തി മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. രാത്രിതന്നെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകാൻ കളക്ടർ നിർദേശം നൽകിയിരുന്നു.
കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ തീരുമാനമാകാതെ ഇൻക്വസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിൽ മോർച്ചറിക്കുമുന്നിൽ ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ ഉപരോധ സമരം നടത്തി. അതേസമയം, അമറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്കുമെന്ന് വനം മന്ത്രി എ. കെ.ശശീന്ദ്രന് അറിയിച്ചു.
ദുരന്ത നിവാരണ വകുപ്പുമായി ചര്ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇതറിയിച്ചത്. അമറിന്റെ സംസ്കാരം ഇന്നു രാവിലെ നടക്കും. അമ്മ: ജമീല. സഹോദരി: സഹാന ഷെരീഫ്. സംഭവത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.