എം.ടിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം നാളെ
Monday, December 30, 2024 3:16 AM IST
തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കാനായി സംസ്ഥാന സർക്കാർ നാളെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നാളെ ഉച്ചകഴിഞ്ഞു മൂന്നിനാണ് ചടങ്ങ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മന്ത്രി വി. ശിവൻകുട്ടി, ജി.ആർ. അനിൽ, പി.എ. മുഹമ്മദ് റിയാസ് സിനിമ- സാഹിത്യ മേഖലയിലെ പ്രമുഖർ അടക്കമുള്ളവർ പങ്കെടുക്കും.
എം.ടിയുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി പിന്നണി ഗായകൻ രവിശങ്കർ നയിക്കുന്ന സംഗീതാർച്ചന, എം.ടിയുടെ സാഹിത്യകൃതികൾ, തിരക്കഥകൾ എന്നിവ ഉൾപ്പെടുന്ന പുസ്തകപ്രദർശനം, എം.ടിയുടെ ചലച്ചിത്ര ജീവിതത്തിലെ അനർഘനിമിഷങ്ങൾ ഒപ്പിയെടുത്ത ഫോട്ടോപ്രദർശനം, മികച്ച സിനിമയ്ക്കുള്ള 1973ലെ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ‘നിർമ്മാല്യ’ത്തിന്റെ പ്രദർശനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. പ്രവേശനം സൗജന്യമാണ്.