തല പൊട്ടിയിട്ടും പ്രതിഷേധവുമായി അബിൻ വർക്കി; കെപിസിസി പ്രസിഡന്റ് എത്തി ആശുപത്രിയിലേക്കു മാറ്റി
Friday, September 6, 2024 1:51 AM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പോലീസിന്റെ ലാത്തിയടിയിൽ തലപൊട്ടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി പരിക്കുമായി ഒരു മണിക്കൂറോളം നടുറോഡിലിരുന്നു പ്രതിഷേധിച്ചു.
സിപിഎമ്മിന്റെ പാളയം ലോക്കൽ സെക്രട്ടറിയുടെ ആളായ പോലീസ് ഉദ്യോഗസ്ഥൻ മനഃപൂർവം അടിക്കുകയായിരുന്നുവെന്നാരോപിച്ച് അയാളെ സംഭവസ്ഥലത്തുനിന്നും മാറ്റാതെ താൻ സമരം അവസാനിപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി അബിൻ എം.ജി. റോഡിൽ കുത്തിയിരുന്നു.
പോലീസ് ബലമായി അബിനെ ആശുപത്രിയിലേക്ക് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പ്രതിരോധം തീർത്തതോടെ പോലീസ് പിന്തിരിഞ്ഞു. നാലു പോലീസുകാർ ചേർന്നാണ് അബിന്റെ കാലിലും ശരീരത്തിലും തലയിലുമെല്ലാം ലാത്തികൊണ്ട് അടിച്ചത്.
തലയിൽ ലാത്തിയടി ഏറ്റ അബിൻ നിലത്തു വീണു. തുടർന്നും അടിക്കാനായി ശ്രമിച്ചപ്പോൾ മറ്റു പ്രവർത്തകരെത്തിയാണ് അബിനെ മാറ്റിയത്. ഗുരുതരമായി പരിക്കേറ്റിട്ടും അബിൻ റോഡിൽ കുത്തിയിരുന്നു സമരം തുടർന്നു. പാർട്ടിക്കാരനായ എസ്ഐ ജിജുവാണ് തലയ്ക്കടിച്ചതെന്നും ഇയാൾക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് അബിൻ വർക്കി റോഡിൽ കിടന്ന് പ്രതിഷേധിച്ചു.
യൂത്ത് കോണ്‍ഗ്രസും പോലീസും തമ്മിലുള്ള സംഘർഷം ഒരു മണിക്കൂറിലധികമായിട്ടും തുടരുകയും അബിന്റെ തലയ്ക്ക് ലാത്തിയടിയേറ്റെന്ന വിവരം അറിയികയും ചെയ്തതോടെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ സംഘർഷസ്ഥലത്തേക്ക് എത്തി. അബിനോട് ആശുപത്രിയിലേക്ക് പോകണമെന്നും ആരോഗ്യമാണ് ഇപ്പോൾ പ്രധാനമെന്നും നിർദേശിച്ചു. തുടർന്ന് കെപിസിസി പ്രസിഡന്റിന്റെ ഔദ്യോഗിക കാറിൽ തന്നെ അബിനെ ആശുപത്രിയിലേക്ക് മാറ്റി.
ആയുധം കാട്ടി ഭീഷണിപ്പെടുത്തി മർദിച്ച് ചോര വീഴ്ത്തി ഒതുക്കാൻ നോക്കേണ്ട. അതിനു ശ്രമിക്കുന്ന ഓരോ പോലീസുകാരനേയും ഞങ്ങൾ നാട്ടിൽ വച്ചു കണ്ടുമുട്ടും. അതിൽ ഒരു സംശയവും വേണ്ട. എന്താണ് പ്രവർത്തകർ ചെയ്ത തെറ്റ്? സിന്ദാബാദ് വിളിച്ചതാണോ പ്രശ്നം? മുദ്രാവാക്യം വിളിച്ചതിന് തലയ്ക്കടിച്ചു വീഴ്ത്തി കൊല്ലാനാണോ നോക്കുന്നത്? അങ്ങനെ നിയമമുണ്ടോ ഇവിടെ?ഏതു പോലീസിനാണ് അതിന് അധികാരമുള്ളത്? അങ്ങനെ ആക്രമിച്ച പോലീസുകാരെ വ്യക്തിപരമായി നേരിടാനാണ് തീരുമാനം.
-കെ.സുധാകരൻ (കെപിസിസി അധ്യക്ഷൻ)
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ തല്ലിച്ചതച്ചു നരനായാട്ടു നടത്തിയ പോലീസുകാർ ഓരോ അടിക്കും കണക്ക് പറയേണ്ടിവരും. ഈ നരനായാട്ടിനു നേതൃത്വം നൽകുകയും ഇത്ര ഭീകരമായ മർദനം അഴിച്ചുവിടുകയും ചെയ്ത മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ഉടനടി സസ്പെൻഡ് ചെയ്യണം.
-രമേശ് ചെന്നിത്തല