മണിപ്പുരിൽ രാഷ്ട്രപതിഭരണം
Friday, February 14, 2025 5:13 AM IST
ന്യൂഡൽഹി: മണിപ്പുരിൽ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു. ഇന്നലെ വൈകുന്നേരം രാഷ്ട്രപതി ദ്രൗപദി മുർമുവാണുവിജ്ഞാപനം ഇറക്കിയത്. രാജിവച്ച മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനു പകരക്കാരനെ കണ്ടെത്താൻ ബിജെപിക്കു സാധിക്കാത്ത സാഹചര്യത്തിലാണു രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്.
പുതിയ മുഖ്യമന്ത്രിക്കായി അനേകവട്ടം ചർച്ച നടന്നെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ഗവർണർ അജയ് ഭല്ല ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചു. തുടർന്നാണു രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്. 2027 വരെ കാലാവധിയുള്ള മണിപ്പുർ നിയമസഭ താത്കാലികമായി മരവിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബിജെപിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പത്ര എംഎൽഎമാരുമായി നിരന്തരം ചർച്ച നടത്തിയെങ്കിലും സമവായമുണ്ടാക്കാനായില്ല. ഇതിനിടെ ഗവർണർ അജയ് ഭല്ലയുമായി രണ്ടു തവണ സംബിത് പത്ര കൂടിക്കാഴ്ച നടത്തിയിരുന്നു.
ഞായറാഴ്ചയാണ് ബിരേൻ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. 21 മാസമായി തുടരുന്ന മെയ്തെയ്-കുക്കി കലാപം കൈകാര്യം ചെയ്തതിലെ വൻ വീഴ്ചയെത്തുടർന്ന് ബിജെപി കേന്ദ്രനേതൃത്വം സിംഗിനെ കൈവെടിയുകയായിരുന്നു.
പാർട്ടിയിലെ ഒരു വിഭാഗം എംഎൽഎമാരും സിംഗിനെതിരേ കടുത്ത നിലപാടെടുത്തു. കോൺഗ്രസ് അവിശ്വാസപ്രമേയത്തിനു നോട്ടീസ് നൽകിയതിനു പിന്നാലെ ബിരേൻ സിംഗ് രാജിവച്ചു. നിയമസഭയുടെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കേയായിരുന്നു രാജി.
ബിരേൻ സിംഗിന്റെ പിൻഗാമിയെച്ചൊല്ലി ബിജെപി എംഎൽഎമാർക്കിടയിൽ വലിയ ഭിന്നതയുണ്ട്. സ്പീക്കർ ടി.എസ്. സിംഗിനെ അനുകൂലിക്കുന്നവരും ബിരേൻ പക്ഷവും തമ്മിലാണ് ചരടുവലി നടന്നിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽനിന്നു മടങ്ങിയെത്തിയശേഷം മുഖ്യമന്ത്രിക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണു ബിജെപി നേതാക്കൾ പറയുന്നത്.
അതേസമയം, സംസ്ഥാനത്ത് രാഷ്ട്രപതിഭരണം വേണമെന്നാണു ബിജെപിയിലെ കുക്കി വിഭാഗംഎംഎൽഎമാർ ആവശ്യപ്പെട്ടിരുന്നത്.
1951നുശേഷം പതിനൊന്നാം തവണയാണ് മണിപ്പുർ രാഷ്ട്രപതിഭരണത്തിലാകുന്നത്. ഇതിനുമുന്പ് 2001-2002 കാലത്ത് 277 ദിവസം സംസ്ഥാനം രാഷ്ട്രപതിഭരണത്തിലായിരുന്നു. മണിപ്പുരിൽ നിയമസഭാ സമ്മേളനം നടന്നിട്ട് ബുധനാഴ്ച ആറു മാസം പൂർത്തിയായിരുന്നു.
2024 ഓഗസ്റ്റ് 12നാണ് ഇതിനുമുന്പ് നടന്ന നിയമസഭാ സമ്മേളനം പൂർത്തിയായത്. ഭരണഘടനാ പ്രതിസന്ധി മറികടക്കാനാണു രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതെന്നാണു വിലയിരുത്തൽ.
20 മാസമായി കോൺഗ്രസ് ആവശ്യപ്പെടുന്ന കാര്യം സംഭവിച്ചു. "" മണിപ്പുരിൽ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു''-മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിൽ കുറിച്ചു.