അമേരിക്ക നാടുകടത്തിയ 119 പേർകൂടി ഇന്ത്യയിൽ
Sunday, February 16, 2025 2:06 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിനു ശ്രമിച്ച 119 ഇന്ത്യക്കാരുമായി അമേരിക്കയുടെ രണ്ടാമത്തെ സൈനിക വിമാനം ഇന്നലെ രാത്രി അമൃത്സറിലെത്തി. അമേരിക്കയിൽനിന്നു നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ മൂന്നാമത്തെ വിമാനം ഇന്നെത്തും.
അമേരിക്കയിലെത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാത്രി ഡൽഹിയിൽ മടങ്ങിയതിനു പിന്നാലെയാണ് അമേരിക്ക വീണ്ടും ഇന്ത്യക്കാരെ കൂട്ടത്തോടെ കയറ്റിവിട്ടത്.
ഇന്ത്യക്കാരോട് അമേരിക്ക മോശമായി പെരുമാറിയതിലുള്ള ഇന്ത്യയുടെ പ്രതിഷേധം ട്രംപിനെ മോദി അറിയിച്ചതായി വെളിപ്പെടുത്തിയിട്ടില്ല.ഇന്നലെയെത്തിയ രണ്ടാമത്തെ അമേരിക്കൻ വിമാനത്തിലുണ്ടായിരുന്ന 119 പേരിൽ പഞ്ചാബിൽനിന്നുള്ള 67 പേരുണ്ടായിരുന്നു.
ഹരിയാനയിൽനിന്ന് 33, ഗുജറാത്ത്- എട്ട്, ഉത്തർപ്രദേശ്- മൂന്ന്, രാജസ്ഥാൻ, ഗോവ, മഹാരാഷ്ട്ര- രണ്ടുവീതം, ജമ്മു കാഷ്മീർ, ഹിമാചൽ പ്രദേശ്- ഒന്നു വീതം ആളുകളാണ് ഇന്നലെ ഇന്ത്യയിൽ തിരികെയെത്തിയത്.
ആദ്യ വിമാനത്തിലെത്തിച്ച 104 പേരിൽ കൂടുതലാളുകളും ഗുജറാത്തിലും ഹരിയാനയിലും (33 പേർ വീതം) നിന്നുമുള്ളവരായിരുന്നു. പഞ്ചാബിൽനിന്നുള്ള 30 പേരായിരുന്നു അന്നുണ്ടായിരുന്നത്.
ഡൽഹിയിലോ സമീപ വിമാനത്താവളങ്ങളിലോ ഇറക്കാതെ പഞ്ചാബിലെ പാക്കിസ്ഥാൻ അതിർത്തിയിലുള്ള അമൃത്സറിലെ ശ്രീ ഗുരു രാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും അമേരിക്കൻ സൈനിക വിമാനം ഇറക്കിയതിനെച്ചൊല്ലി പുതിയ വിവാദം ഉടലെടുത്തു.
അനധികൃത കുടിയേറ്റം പഞ്ചാബിനു മാത്രമുള്ള പ്രശ്നമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റേതെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മാൻ ആരോപിച്ചു. നാടുകടത്തപ്പെട്ടവരുടെ ലാൻഡിംഗ് സൈറ്റായി അമൃത്സർ തെരഞ്ഞെടുക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തു.
നാടുകടത്തപ്പെട്ടവരുടെ വിഷയത്തിൽ പഞ്ചാബിനെതിരേ അപവാദപ്രചാരണം നടക്കുന്നുണ്ട്. ഇന്നലെയും കഴിഞ്ഞ അഞ്ചിനും അമേരിക്കയുടെ സൈനിക വിമാനത്തിൽ എത്തിച്ച മുഴുവനാളുകളെയും അമൃത്സറിലിറക്കാൻ കേന്ദ്രം അനുമതി നൽകിയത് പഞ്ചാബിനെ നാണംകെടുത്താനുള്ള വില കുറഞ്ഞ നീക്കമാണ്.
തന്റെ സുഹൃത്ത് ഡോണൾഡ് ട്രംപുമായി മോദി കൈ കുലുക്കുന്പോൾ ഇന്ത്യൻ പൗരന്മാരെ ഒരു സൈനിക വിമാനത്തിൽ ചങ്ങലയിട്ടു നാടുകടത്തുകയായിരുന്നു. മോദിക്കുള്ള ട്രംപിന്റെ മടക്കസമ്മാനമായാണു ചങ്ങലയ്ക്കിട്ട് ഇന്ത്യക്കാരെ തിരിച്ചയ്ക്കുന്നതെന്നും മൻ ആരോപിച്ചു.
അപമാനിതരായി തിരിച്ചെത്തിയ ഇന്ത്യക്കാരുടെ മുറിവുകളിൽ തൈലം പുരട്ടുന്നതിനുപകരം ഉപ്പു പുരട്ടുന്നതുപോലെയാണ് തടവുകാരെ കൊണ്ടുപോകുന്ന വാനുകളിൽ ഹരിയാന പോലീസ് കൊണ്ടുപോയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അമേരിക്കൻ സൈനിക വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരോടു കാണിച്ച മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരേ പാർലമെന്റിനകത്തും പുറത്തും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
പുരുഷന്മാർക്കു പുറമെ മുതിർന്ന സ്ത്രീകളെയും വിലങ്ങണിയിച്ചാണു വിമാനത്തിൽ കൊണ്ടുവന്നതെന്ന് പഞ്ചാബിൽനിന്നുള്ള യാത്രികർ പറഞ്ഞു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർക്ക് മല-മൂത്രവിസർജനത്തിനുപോലും കേണപേക്ഷിക്കേണ്ടി വന്നുവെന്നും മനുഷ്യത്വമില്ലാതെയാണ് വിമാനത്തിലെ ജോലിക്കാർ പെരുമാറിയതെന്നും യാത്രക്കാർ പരാതിപ്പെട്ടു.
ഏജന്റുമാരാൽ കബളിപ്പിക്കപ്പെട്ടു പിടിയിലായ ഇന്ത്യക്കാരെ 40 മണിക്കൂറോളം നീണ്ട യാത്രയിലുടനീളം ഭീകരരെയും കൊലക്കേസ് പ്രതികളെയും മറ്റും കൈകാര്യം ചെയ്യുന്നതുപോലെ കൈകളിൽ വിലങ്ങും കാലുകളിൽ ചങ്ങലയുമിട്ട് വിമാനത്തിലിരുത്തി ക്രൂരമായി ഇന്ത്യയിലെത്തിച്ച രീതിക്കെതിരേ വിദേശത്തും രോഷം ഉയർന്നിരുന്നു.