റാണയെ വിട്ടുകിട്ടിയാൽ മുംബൈ ആക്രമണക്കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കും
Monday, February 17, 2025 12:17 AM IST
ന്യൂഡൽഹി: മുംബൈ ആക്രമണ കേസ് പ്രതി തഹാവുർ റാണയെ വിട്ടുകിട്ടിയാൽ കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന് ഉദ്യാഗസ്ഥർ. 2008ലെ കൂട്ടക്കൊലയ്ക്കു ദിവസങ്ങൾക്ക് മുമ്പ് വടക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും റാണ നടത്തിയ യാത്രകളെക്കുറിച്ച് സുപ്രധാന സൂചനകൾ ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത അനുയായിയും പാക്കിസ്ഥാനിൽ ജനിച്ച കനേഡിയൻ പൗരനുമായ 64കാരൻ ലോസ് ആഞ്ചലസിലെ ഡിറ്റനേഷൻ സെന്ററിൽ 14 വർഷമായി തടവിൽ കഴിയുകയാണ്. റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയിൽനിന്നും വിട്ടുകിട്ടിയാൽ അജ്മൽ കസബിനും അബു ജുൻഡാലിനും ശേഷം കേസിൽ ഇന്ത്യയിൽ വിചാരണ നേരിടുന്ന മൂന്നാമത്തെ വ്യക്തിയായിരിക്കും റാണ. കേസിലെ പ്രധാനപ്രതിയായ കസബിനെ 2012ൽ തൂക്കിലേറ്റിയിരുന്നു.
2009 ഒക്ടോബർ 27ന് റാണ ഷിക്കാഗോയിൽ അറസ്റ്റിലായി. ലഷ്കർ-ഇ-തൊയ്ബയ്ക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിലാണ് അറസ്റ്റിലാകുന്നത്. ഇയാൾക്കെതിരേ എൻഐഎ 2011ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
2008 നവംബർ 13നും 21നും ഇടയിൽ റാണ ഭാര്യ സമ്രാസ് റാണ അക്തറിനൊപ്പം ഹാപുർ, ഡൽഹി, ആഗ്ര, കൊച്ചി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയതായി കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നാൽ, ഈ സന്ദർശനങ്ങളുടെ ഉദ്ദേശ്യം മനസിലാക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുംബൈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി തഹാവുർ റാണയ്ക്ക് അടുത്ത ബന്ധമുണ്ട്.