രണ്‍വീർ അല്ലബാഡിയയ്ക്ക് ഇടക്കാല സംരക്ഷണം
Wednesday, February 19, 2025 3:00 AM IST
ന്യൂഡൽഹി: "ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യുട്യൂബ് ഷോയിൽ അശ്ലീല പരാമർശം നടത്തിയ യുട്യൂബർ രണ്‍വീർ അല്ലബാഡിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.
മഹാരാഷ്ട്ര, ആസാം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾക്കെതിരേയാണ് രണ്‍വീർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, രണ്‍വീറിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച കോടതി, അറസ്റ്റിൽനിന്ന് ഇടക്കാല സംരക്ഷണം അനുവദിക്കുകയായിരുന്നു.
കേസുമായി സഹകരിക്കണമെന്നും തത്കാലം യുട്യൂബ് പരിപാടികൾ അവതരിപ്പിക്കരുതെന്നും ജസ്റ്റീസുമാരായ സൂര്യകാന്തും എൻ. കോടീശ്വർ സിംഗും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. നിയമം അതിന്റെ വഴിക്കു പോകുമെന്ന മുന്നറിയിപ്പും കോടതി നൽകി.
ഷോയിലെ പരാമർശത്തിനെതിരേ കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. രാജ്യം വിടാതിരിക്കാൻ രണ്‍വീറിന്റെ പാസ്പോർട്ട് പോലീസ് സ്റ്റേഷനിൽ സമർപ്പിക്കണം. രാജ്യത്തിന് പുറത്തു പോകാൻ കോടതിയുടെ അനുമതി വേണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
രണ്‍വീർ മാതാപിതാക്കളെ അപമാനിച്ചെന്നും മനസിലെ വൃത്തികേടാണ് പരാമർശത്തിലൂടെ പുറത്തുവന്നതെന്നും കേസ് പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. വികലമായ മനസിന്റെ പ്രതിഫലനമാണ്.
ജനപ്രീതിയുണ്ടെന്നു കരുതി എന്തും പറയാമെന്നു കരുതരുതെന്നും കോടതി വ്യക്തമാക്കി. മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡാണ് രണ്‍വീറിനുവേണ്ടി ഹാജരായത്.