വിലങ്ങിനും ചങ്ങലയ്ക്കും പുറമേ തലപ്പാവ് ഊരിച്ചും അപമാനം
Tuesday, February 18, 2025 2:37 AM IST
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനും കേന്ദ്രസർക്കാരിന്റെ അതൃപ്തിക്കും അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരേയുള്ള അമേരിക്കയുടെ നയത്തിന് അയവു വരുത്താൻ കഴിഞ്ഞില്ല.
അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങുകൾ അണിയിച്ചും കാലുകൾ ചങ്ങലയ്ക്കിട്ടും ആവശ്യത്തിനു ഭക്ഷണം നൽകാതെയും മനുഷ്യത്വരഹിതമായി തിരിച്ചയച്ച അമേരിക്ക ഏറ്റവുമൊടുവിൽ മതസ്വാതന്ത്ര്യത്തിന് മേലെയും കടന്നുകയറി.
അമേരിക്കയിൽനിന്ന് അനധികൃത കുടിയേറ്റക്കാരുമായി ഞായറാഴ്ച രാത്രി പഞ്ചാബിലെ അമൃത്സറിലെത്തിയ തങ്ങളുടെ തലപ്പാവ് യാത്രയ്ക്കിടെ അഴിപ്പിച്ചതായും സിക്ക് മതത്തിൽപ്പെട്ടവർ ആരോപിച്ചു.
തലയിൽനിന്ന് നിർബന്ധപൂർവമാണ് തലപ്പാവ് അഴിച്ചുമാറ്റിയതെന്ന് തിരികെയെത്തിയ പഞ്ചാബ് സ്വദേശി യശ്പാൽ സിംഗ് പറഞ്ഞു.
അമേരിക്കൻ സൈനികർ തലപ്പാവുകൾ അഴിപ്പിച്ചതിനാൽ, അമൃത്സർ വിമാനത്താവളത്തിൽ കുടിയേറ്റക്കാർക്കു വേണ്ട സഹായങ്ങൾ ചെയ്തുനൽകാനായി സന്നദ്ധരായിരുന്ന സിക്ക് സംഘടനയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് സമിതിയാണ് (എസ്ജിപിസി) തങ്ങൾക്കു തലപ്പാവ് നൽകിയതെന്നും യശ്പാൽ പറഞ്ഞു.
നാടുകടത്തപ്പെട്ട 15 സിക്കുകാർക്കാണ് വിമാനത്താവളത്തിൽവച്ച് തലപ്പാവ് നൽകേണ്ടിവന്നതെന്ന് എസ്ജിപിസി അധികൃതരും സ്ഥിരീകരിച്ചു.
അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന ക്യാന്പിലും അമേരിക്കൻ സൈനികരിൽനിന്നു ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകേണ്ടിവന്നിട്ടുണ്ടെന്ന് കഴിഞ്ഞദിവസം തിരികെയെത്തിയ ജതീന്ദർ സിംഗും പറഞ്ഞു.
ക്യാന്പിൽ മർദനം നേരിട്ടെന്നും സൈനികർ തന്റെ തലപ്പാവ് ഊരി ചവറ്റുകൊട്ടയിലിട്ടെന്നും ജതീന്ദർ പറഞ്ഞു. ക്യാന്പിൽവച്ച് വസ്ത്രങ്ങളെല്ലാം മാറാൻ ആവശ്യപ്പെട്ടെന്നും തലപ്പാവെങ്കിലും തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഇതുപയോഗിച്ച് നിങ്ങൾ തൂങ്ങി മരിച്ചാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് അമേരിക്കൻ അധികാരികൾ ചോദിച്ചതെന്നും തിരികെ അയയ്ക്കപ്പെട്ട മറ്റൊരു പഞ്ചാബ് സ്വദേശി ജസ്വീന്ദർ പറയുന്നു.
അമേരിക്കയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി മൂന്നാം വിമാനം തിങ്കളാഴ്ച രാത്രി 10.03നാണ് അമൃത്സറിലെത്തിയത്. 112 യാത്രക്കാരാണ് യുഎസ് യുദ്ധവിമാനത്തിലുണ്ടായിരുന്നത്.
സിക്ക് കുടിയേറ്റക്കാരെ തലപ്പാവ് ധരിപ്പിക്കാൻ അനുവദിക്കാത്തതിനെ എസ്ജിപിസി അപലപിച്ചു. തലപ്പാവ് ഒരു സിഖുകാരന്റെ ഭാഗംതന്നെയാണെന്നും വിഷയം അമേരിക്കൻ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എസ്ജിപിസി ജനറൽ സെക്രട്ടറി ഗുരുചരണ് സിംഗ് ഗ്രെവാൾ മാധ്യമങ്ങളോട് പറഞ്ഞു.