വിളിച്ചുവരുത്തിയ ദുരന്തം; നഷ്ടപ്പെട്ടത് 18 ജീവൻ
Monday, February 17, 2025 1:27 AM IST
ന്യൂഡൽഹി: റെയിൽവേയുടെ കെടുകാര്യസ്ഥയുടെ നേർചിത്രമാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തം. തിരക്ക് നിയന്ത്രിക്കുന്നതിൽ ശനിയാഴ്ച റെയിൽവേയ്ക്ക് കാര്യമായ വീഴ്ച സംഭവിച്ചുവെന്നാണ് പോലീസടക്കം പറയുന്നത്.
കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിലേക്കു പോകുന്ന തീർഥാടകരാൽ ശനിയാഴ്ച വൈകുന്നേരംതന്നെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ നിറഞ്ഞിരുന്നു. ഇതിനുപുറമേ ഡൽഹിയിൽ വിനോദസഞ്ചാര സീസണായതിനാൽ സഞ്ചാരികളടക്കമുള്ള യാത്രക്കാർ സ്റ്റേഷനിൽ മറ്റു പല ട്രെയിനുകളിൽ കയറാനും എത്തിയിരുന്നു. പൊതുവേ തിരക്കുള്ള റെയിൽവേ സ്റ്റേഷനാണു ന്യൂഡൽഹിയിലേത്.
യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടും തിരക്കു നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് സ്റ്റേഷനിലെ പോർട്ടർമാരും ഓട്ടോ ഡ്രൈവർമാരും പറയുന്നു. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഇത്രയും വലിയ തിരക്ക് കണ്ടിട്ടില്ല എന്നാണു ദൃക്സാക്ഷികൾ പറയുന്നത്.
ഒരു മണിക്കൂറിനുള്ളിൽ 1500 ഓളം ജനറൽ ടിക്കറ്റ് വിറ്റിട്ടും ട്രെയിനുകൾ വൈകിയോടുന്നതു കണക്കിലെടുത്തും തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ സംരക്ഷണ സേനയെയോ പോലീസിനെയോ വിന്യസിക്കാൻ അധികൃതർ തയാറായില്ല.
മഹാകുംഭമേള സമാപിക്കുന്നത് കണക്കിലെടുത്ത് വരുംദിവസങ്ങളിൽ തീർഥാടകരുടെ തിരക്ക് വർധിക്കുമെന്ന് വിവരമുണ്ടായിട്ടും കാര്യമായ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല.
പ്രയാഗ് രാജിലേക്ക് പോകുന്നതും അവിടെനിന്ന് വരുന്നതുമായ ട്രെയിനുകൾ തീർഥാടകരെക്കൊണ്ടു നിറഞ്ഞാണ് ഓടുന്നത്. ബുക്ക് ചെയ്ത പലർക്കും ട്രെയിനിൽ കയറാൻ പോലും സാധിച്ചിരുന്നില്ല. ഉള്ളിൽ കയറാൻ ട്രെയിനുകളുടെ ഗ്ലാസ് അടിച്ചു തകർക്കുന്നതടക്കമുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപകടം സംബന്ധിച്ച് റെയിൽവേ നൽകിയ വിശദീകരണം പരസ്പരവിരുദ്ധമായിരുന്നു. ഔദ്യോഗിക മരണസംഖ്യ പുറത്തുവിടാൻ റെയിൽവേ തയാറായില്ല. മരിച്ചവരെയും പരിക്കേറ്റവരെയും എത്തിച്ച ആശുപത്രികളിലെ അധികൃതരാണ് മരണസംഖ്യ സംബന്ധിച്ച ആദ്യറിപ്പോർട്ട് പുറത്തുവിടുന്നത്.
അപകടം നടന്ന പ്ലാറ്റ് ഫോമുകൾ ശുചീകരിച്ച് പഴയതുപോലെയാക്കാൻ റെയിൽവേ അർധരാത്രിയിൽത്തന്നെ ശ്രമം ആരംഭിച്ചിരുന്നു. 18 പേരുടെ ജീവൻ കുരുതികൊടുത്ത ഇടമായി തോന്നാത്തവിധം പ്ലാറ്റ്ഫോമുകൾ ശുചീകരിക്കാൻ പെട്ടെന്നുതന്നെ റെയിൽവേയ്ക്ക് സാധിച്ചു. ഈ തിടുക്കവും കാര്യക്ഷമതയും തിരക്ക് നിയന്ത്രിക്കാൻ കാണിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു.