ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം; ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് പദ്ധതിയുമായി റെയിൽവേ
Tuesday, February 18, 2025 2:37 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രിയുണ്ടായ അനിയന്ത്രിതമായ തിരക്കിൽ 18 കുംഭമേള തീര്‍ഥാടകര്‍ മരിച്ചതിനെത്തുടര്‍ന്ന് ശക്തമായ സുരക്ഷാനടപടികളുമായി റെയിൽവേ. രാജ്യത്തെ തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് നിർമിതബുദ്ധിയുടെ അടിസ്ഥാനത്തിലുള്ള സംവിധാനമാണ് ഒരുക്കുക.
യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനായി തിരക്കേറിയ സീസണിൽ സ്റ്റേഷനുകളിലെ നടപ്പാതയില്‍ പ്രത്യേക നിറങ്ങള്‍ അടയാളപ്പെടുത്തും. ഹോൾഡിംഗ് ഏരിയ എന്നറിയപ്പെടുന്ന ഈ ഭാഗങ്ങളിലേക്ക് ആളുകളെ കയറ്റിവിടുന്നതിന് നിയന്ത്രണങ്ങളും കൊണ്ടുവരും.
കുംഭമേളയുടെ ഭാഗമായി തിരക്കുണ്ടാകാനിടയുള്ള 60 സ്റ്റേഷനുകള്‍ ഹൈ ട്രാഫിക് സ്റ്റേഷനുകളായി അടയാളപ്പെടുത്തും. ഇതില്‍ പ്രയാഗ്രാജിലേക്കു നേരിട്ട് സർവീസ് നടത്തുന്ന 35 സ്റ്റേഷനുകളെ പ്രത്യേകം സജ്ജമാക്കിയ വാര്റൂമില്നിന്ന് നിരീക്ഷിക്കും.
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മാത്രം 200 സിസിടിവികള്‍ സ്ഥാപിക്കും. സ്റ്റേഷനിലെ തിരക്കേറിയ ഭാഗങ്ങളിലെ ആള്‍ക്കൂട്ടത്തിന്റെ ചലനങ്ങള്‍ അറിയാനായി നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും, പ്രത്യേകിച്ചും ട്രെയിനുകള്‍ വൈകുന്ന ഘട്ടങ്ങളിൽ.
നാലു സംസ്ഥാനങ്ങളിലായുള്ള 300 കിലോമീറ്റര്‍ ചുറ്റളവില്‍നിന്നാണ് 90 ശതമാനം കുംഭമേള തീര്‍ഥാടകരും എത്തുന്നത്. ഇതേത്തുടര്‍ന്നാണ് കൃത്യമായി തെരഞ്ഞെടുക്കുന്ന സ്റ്റേഷനുകളില്‍ അധികസംവിധാനം ഏര്‍പ്പെടുത്തുന്നത്. തിരക്ക് കൂടുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രത്യേക പ്രചാരണം സംഘടിപ്പിക്കും.
യാത്രക്കാരില്‍നിന്നും കച്ചവടക്കാരില്‍നിന്നും പോര്ട്ടര്മാരില്നിന്നും ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും തേടുമെന്ന് ഉന്നത റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.