ചെറുകിട വ്യാപാരമേഖലയെ സംരക്ഷിക്കാൻ കേന്ദ്രം പാക്കേജ് തയാറാക്കണം: കെ.സി. വേണുഗോപാൽ
Wednesday, February 19, 2025 3:00 AM IST
ന്യൂഡൽഹി: ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പാക്കേജ് തയാറാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ന്യൂഡൽഹി ജന്തർ മന്ദറിൽ കേരള വ്യാപാരി- വ്യവസായി ഏകോപനസമിതിയുടെ പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രബജറ്റ് കോർപറേറ്റുകളെ സഹായിക്കാൻ ലക്ഷ്യം വച്ചുള്ളതാണ്.
ഏഴു കോടിയോളം വരുന്ന ചെറുകിട വ്യാപാരികളെ സഹായിക്കാൻ യാതൊരുവിധ നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ചെറുകിട വ്യാപാര മേഖല ശക്തിപ്പെട്ടാലേ രാജ്യം നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനാകൂ. കോർപറേറ്റ് പ്രീണനം തിരുത്താൻ കേന്ദ്രസർക്കാർ തയാറാകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
വിദേശി-സ്വദേശി കുത്തകകളിൽനിന്ന് ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, ഓണ്‍ലൈൻ വ്യാപാരത്തിന്മേൽ സെസ് ഏർപ്പെടുത്തുക, വാടകയ്ക്കുമേലുള്ള ജിഎസ്ടിയിൽനിന്ന് വ്യാപാരികളെ പൂർണമായും ഒഴിവാക്കുക, ജിഎസ്ടി കൗണ്‍സിൽ തീരുമാനങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്തതിനുശേഷം മാത്രം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാർച്ചിൽ കേരളത്തിൽനിന്ന് ആയിരത്തോളം ചെറുകിട വ്യാപാരികളാണു പങ്കെടുത്തത്.
സമരം കേരളത്തെ മാത്രം രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയല്ല മറിച്ച് രാജ്യത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ഉദ്ഘാടനസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച വ്യാപാരി- വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
നോട്ട് നിരോധനവും ജിഎസ്ടിയും ഉണ്ടാക്കിയ ബുദ്ധിമുട്ടുകളിൽനിന്നു കരകയറുന്നതിനുമുന്പ് കേന്ദ്രം കൂടുതൽ വ്യാപാരവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡൽ ദേശീയ പ്രസിഡന്റ് ബാബുലാൽ ഗുപ്ത പറഞ്ഞു.
ഓണ്‍ലൈൻ വ്യാപാരത്തിന്മേൽ സെസ് ഏർപ്പെടുത്തുക, ജിഎസ്ടി കൗണ്‍സിൽ തീരുമാനങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്തതിനുശേഷം മാത്രം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ന്യായമാണെന്നും ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത എംപിമാരായ എൻ.കെ. പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും പറഞ്ഞു.
കെട്ടിടവാടകയ്ക്കുമേലുള്ള ജിഎസ്ടി വ്യാപാരികളുടെ തലയിൽ കെട്ടിവച്ചത് കടുത്ത അനീതിയാണെന്നും ഇത് പൂർണമായും ഒഴിവാക്കുന്നതിനായി വേണ്ടിവന്നാൽ സുപ്രീംകോടതിയിൽ കേസ് നടത്തുമെന്നും ഹാരിസ് ബീരാൻ എംപി ഉറപ്പുനൽകി.
വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ എസ്. ദേവരാജൻ, സീനിയർ വൈസ് പ്രസിഡന്റ് കെ. വി. അബ്ദുൾഹമീദ്, വൈസ് പ്രസിഡന്റുമാരായ എം.കെ. തോമസുകുട്ടി, പി.സി. ജേക്കബ്, എ.ജെ. ഷാജഹാൻ, കെ. അഹമ്മദ് ഷെരീഫ്, ബാബു കോട്ടയിൽ, സണ്ണി പൈന്പിള്ളിൽ, ബാപ്പു ഹാജി, സെക്രട്ടറിമാരായ വൈ. വിജയൻ, സി. ധനീഷ് ചന്ദ്രൻ, ജോജിൻ ടി. ജോയ്, എ. ജെ. റിയാസ്, സെക്രട്ടേറിയറ്റ് മെംബർ സലിം രാമനാട്ടുകര, വനിതാ വിംഗ് പ്രസിഡന്റ് ശ്രീജ ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.