ഡൽഹിയിൽ സത്യപ്രതിജ്ഞ 20ന് ; മുഖ്യമന്ത്രിയിൽ സസ്പെൻസ്
Tuesday, February 18, 2025 2:24 AM IST
സനു സിറിയക്
ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ നടത്താനിരുന്ന നിയമസഭാകക്ഷി യോഗം മാറ്റിവച്ച സാഹചര്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ 20ലേക്കു തീരുമാനിച്ചത്. ഇന്നോ നാളെയോ സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തേ പാർട്ടിയുടെ തീരുമാനം. രാംലീല മൈതാനിയിലാകും സത്യപ്രതിജ്ഞാചടങ്ങ് നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുഖ്യമന്ത്രിമാർ, എൻഡിഎ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, വ്യവസായികൾ, സിനിമാതാരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ബിജെപി ജനറൽ സെക്രട്ടറിമാരായ വിനോദ് തവ്ഡെ, തരുണ്‍ ചുഗ് എന്നിവർക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകളുടെ മേൽനോട്ടം.
അതേസമയം, സത്യപ്രതിജ്ഞാതീയതി തീരുമാനിച്ചെങ്കിലും മുഖ്യമന്ത്രിയുടെ കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു പാർട്ടി നേതൃത്വം നേരത്തേ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിരവധി പേരുകൾ ഉയർന്നുവരുന്നുണ്ടെങ്കിലും എംഎൽഎമാരിൽനിന്നുതന്നെ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്നാണ് പൊതുവേയുള്ള വികാരം.
ആം ആദ്മി ദേശീയ കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കേജരിവാളിനെ അദ്ദേഹത്തിന്റെ തട്ടകമായിരുന്ന ന്യൂഡൽഹി മണ്ഡലത്തിൽ പരാജയപ്പെടുത്തിയ പർവേശ് വർമയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നവരിൽ പ്രധാനി.