ഇന്ത്യ-ഖത്തർ ബന്ധം കരുത്താർജിക്കുമെന്ന് ഖത്തർ മന്ത്രി
Wednesday, February 19, 2025 1:21 AM IST
ന്യൂഡൽഹി: ഇന്ത്യയുമായുള്ള പുതിയ ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാറിനായുള്ള ചർച്ചകൾ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഖത്തർ വാണിജ്യ- വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി.
ഡൽഹി ഐടിസി മൗര്യയിൽ നടന്ന ഇന്ത്യ-ഖത്തർ ബിസിനസ് ഫോറം സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ തങ്ങളുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറിയെന്നും നിക്ഷേപ, വ്യാവസായിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളിലെയും ബിസിനസുകൾ അതിരുകൾ കടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഇന്ത്യൻ നിക്ഷേപകരെ അദ്ദേഹം ഖത്തറിലേക്ക് ക്ഷണിച്ചു. ബിസിനസ് ഫോറത്തിൽ കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയലും പ്രസംഗിച്ചു.
ഖത്തറിൽനിന്നുള്ള അറബ് വ്യവസായികളും ഇന്ത്യൻ വ്യവസായികളും ഉൾപ്പെടെയുള്ളവർ യോഗത്തിന്റെ ഭാഗമായി. വ്യവസായി എം.എ. യൂസഫലി, ജെ.കെ.മേനോൻ, രവി പിള്ള, മുഹമ്മദ് അൽത്താഫ്, ഡോ. മോഹൻ തോമസ്, താഹ, മൻസൂർ പള്ളൂർ എന്നിവർ പങ്കെടുത്തു.