തെരഞ്ഞെടുപ്പു കമ്മീഷണർ നിയമനം: വിയോജിപ്പു പുറത്തുവിട്ട് രാഹുൽ
Wednesday, February 19, 2025 3:00 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനസമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്തതും പ്രധാനമന്ത്രിയും ഇഷ്ടക്കാരനായ മന്ത്രിയും ചേർന്നു തീരുമാനിക്കുന്നതും സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഈ നീക്കം തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്വാതന്ത്ര്യം ദുർബലപ്പെടുത്തുന്നതും തെരഞ്ഞെടുപ്പുപ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടർമാരുടെ ആശങ്കകൾ വർധിപ്പിക്കുന്നതുമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും യുപി സ്വദേശിയുമായ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറായും (സിഇസി) ഹരിയാന ചീഫ് സെക്രട്ടറി ഡോ. വിവേക് ജോഷിയെ കമ്മീഷണറായും നിയമിച്ച യോഗത്തിൽ നൽകിയ വിയോജനക്കുറിപ്പു പുറത്തുവിട്ടുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം.
യോഗത്തിൽ രേഖാമൂലം നൽകിയ രണ്ടു പേജുള്ള വിയോജനക്കുറിപ്പ് എക്സിൽ രാഹുൽ ഇന്നലെ പരസ്യപ്പെടുത്തി. ഗ്യാനേഷിനെ മുഖ്യ കമ്മീഷണറായും വിവേകിനെ കമ്മീഷണറായും നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു വിജ്ഞാപനമിറക്കിയിരുന്നു. മൂന്നംഗ നിയമനസമിതിയിലെ പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പ് തള്ളി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എടുത്ത തീരുമാനം രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനപ്രക്രിയയും കമ്മിറ്റിയുടെ ഘടനയും ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്നു വാദം കേൾക്കാനിരിക്കെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അർധരാത്രിയിൽ പുതിയ സിഇസിയെ തീരുമാനിച്ചത് അനാദരവും മര്യാദകേടുമാണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.