പിത്രോഡയുടെ പ്രസ്താവനയിൽ വിവാദം
Tuesday, February 18, 2025 2:24 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തി മുതിർന്ന നേതാവ് ശശി തരൂർ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെ പ്രവാസി കോണ്ഗ്രസ് പ്രസിഡന്റ് സാം പിത്രോഡയുടെ ചൈന അനുകൂല പ്രസ്താവനയും പാർട്ടിയെ വിഷമവൃത്തത്തിലാക്കി.
ചൈനയോടുള്ള ഏറ്റുമുട്ടൽ സമീപനം ഇന്ത്യ ഉപേക്ഷിക്കണമെന്നും ചൈന ശത്രുവാണെന്നു കരുതുന്ന ഇന്ത്യയുടെ മനോഭാവം മാറ്റേണ്ടതുണ്ടെന്നുമുള്ള പിത്രോഡയുടെ പ്രസ്താവനയാണു വിവാദമായത്.
പ്രസ്താവനയ്ക്കെതിരേ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തിയപ്പോൾ അദ്ദേഹത്തിന്റേതു വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടെ നയമല്ലെന്നും പറഞ്ഞ് കോൺഗ്രസ് കൈ കഴുകി.
വാർത്താ ഏജൻസിയായ ഐഎഎൻഎസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പിത്രോഡ ചൈന അനുകൂല പ്രസ്താവന നടത്തിയത്. ""ആദ്യദിവസം മുതൽത്തന്നെ ഏറ്റുമുട്ടലെന്ന മനോഭാവമാണ് നമ്മുടേത്. ആ മനോഭാവം ശത്രുവിനെ സൃഷ്ടിക്കുന്നു. രാജ്യത്തൊരു പ്രത്യേക പിന്തുണ അതിനു സൃഷ്ടിക്കുന്നു.
ചൈന ശത്രുവാണെന്ന് ആദ്യ ദിവസം മുതൽ അനുമാനിക്കുന്ന രീതി നമ്മൾ മാറ്റണമെന്നു ഞാൻ കരുതുന്നു. ചൈനയോടു മാത്രമല്ല, ആർക്കെതിരേയും അത്തരമൊരു മനോഭാവം പാടില്ല. അതു ന്യായമല്ല. ''- പിത്രോഡ പറഞ്ഞു.
ചൈനയിൽനിന്നുള്ള ഭീഷണി എനിക്കു മനസിലാകുന്നില്ല. ഒരു ശത്രുവിനെ നിർവചിക്കുന്ന പ്രവണത അമേരിക്കയ്ക്കുള്ളതിനാൽ ഈ വിഷയം പലപ്പോഴും ഊതിപ്പെരുപ്പിക്കപ്പെടുന്നു. എല്ലാ രാജ്യങ്ങളെയും നേരിടുകയല്ല, മറിച്ച് സഹകരിക്കേണ്ട സമയമാണിതെന്നു ഞാൻ വിശ്വസിക്കുന്നു. തുടക്കം മുതൽത്തന്നെ നമ്മുടെ സമീപനം ഏറ്റുമുട്ടലാണ്. ഈ മനോഭാവം ശത്രുക്കളെ സൃഷ്ടിക്കുന്നു. പക്ഷേ ഇതു രാജ്യത്തിനുള്ളിൽ പിന്തുണ നേടുന്നു. ഈ മനോഭാവം നാം മാറ്റുകയും ആദ്യ ദിവസം മുതൽ ചൈന ശത്രുവാണെന്ന് കരുതുന്നത് അവസാനിപ്പിക്കുകയും വേണമെന്ന് പിത്രോഡ വിശദീകരിച്ചു.
ചൈനയിൽനിന്നുള്ള ഭീഷണികൾ നിയന്ത്രിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും കഴിയുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് പിത്രോഡ ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയുമായുള്ള അതിർത്തി തർക്കങ്ങൾ അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാനുള്ള ട്രംപിന്റെ വാഗ്ദാനം കഴിഞ്ഞ മാസം ഇന്ത്യ നിരസിച്ചിരുന്നു.
അതേസമയം, കോണ്ഗ്രസും ചൈനയും തമ്മിലുള്ള കരാറാണു രാഹുൽ ഗാന്ധിയുടെ അടുത്ത സഹായിയായ പിത്രോഡ വെളിപ്പെടുത്തിയതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ഇന്ത്യയുടെ താത്പര്യങ്ങളേക്കാൾ ചൈനയുടെ താത്പര്യങ്ങൾക്കാണു കോണ്ഗ്രസ് മുൻഗണന നൽകുന്നത്.
രാഹുൽ ഗാന്ധിയുടെ വലംകൈയായ സാം പിത്രോഡയും റിമോട്ട് കണ്ട്രോളായ അമേരിക്കൻ സന്പന്നൻ ജോർജ് സോറോസും ചൈനയുടെയും കൈകളിലാണ്. സോറോസിന്റെ ഓപ്പണ് സൊസൈറ്റി ഫൗണ്ടേഷനിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി വക്താവ് ആരോപിച്ചു.
എന്നാൽ, ചൈനയെക്കുറിച്ചുള്ള പിത്രോഡയുടെ അഭിപ്രായം വ്യക്തിപരമാണെന്നും കോണ്ഗ്രസ് പാർട്ടിയുടേതല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി. വിദേശനയത്തിലും പുറത്തുനിന്നുള്ള ഭീഷണിയിലും സാന്പത്തികകാര്യങ്ങളിലും ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയായി ചൈന തുടരുകയാണെന്ന് ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
ചൈനയുടെ കടന്നുകയറ്റം തടയാൻ കേന്ദ്രം പരാജയപ്പെട്ടതിനെക്കുറിച്ച് പാർലമെന്റിലും പുറത്തും രാഹുൽ ഗാന്ധി ഉയർത്തുന്ന കടുത്ത വിമർശനങ്ങൾക്കു മറുപടിയില്ലാത്തതിനാലാണ് പിത്രോഡയുടെ നല്ല ലക്ഷ്യത്തോടെയുള്ള പരാമർശത്തെ വളച്ചൊടിച്ചു വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് കോണ്ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ 4,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിന്റെ നിയന്ത്രണം ചൈനയുടെ പക്കലാണെന്ന് രാഹുൽ ലോക്സഭയിൽ കുറ്റപ്പെടുത്തിയിരുന്നു.
ഇന്ത്യക്കാർക്കിടയിലെ വൈവിധ്യത്തെക്കുറിച്ചുള്ള 2024ലെ പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് ഓവർസീസ് കോണ്ഗ്രസ് അധ്യക്ഷസ്ഥാനം പിത്രോഡ രാജിവച്ചിരുന്നു, എന്നാൽ ഏഴ് ആഴ്ചയ്ക്കുശേഷം അദ്ദേഹം വീണ്ടും അതേ പദവിയിൽ തിരിച്ചെത്തിയിരുന്നു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വാർത്താവിനിമയ വിപ്ലവത്തിനു പിന്നിൽ പ്രവർത്തിച്ച പിത്രോഡ, രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനങ്ങളിലെ മുഖ്യ സംഘാടകനുമാണ്.