ആരാധനാലയ നിയമം: പുതിയ കക്ഷികളെ ചേർക്കില്ലെന്നു സുപ്രീംകോടതി
Tuesday, February 18, 2025 2:24 AM IST
ന്യൂഡൽഹി: ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട് കേസിൽ ഇനി ആരേയും കക്ഷി ചേർക്കില്ലെന്നു സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ ഇതിനോടകം ഫയൽ ചെയ്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇതിനൊരു പരിധിയുണ്ടാകണമെന്നും നിർദേശിച്ചു.
കേസിൽ കക്ഷി ചേരാൻ നിരവധി അപേക്ഷകൾ ഫയൽ ചെയ്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഹർജികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടില്ലെങ്കിൽ അതു തള്ളിക്കളഞ്ഞതായും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
1991ലെ ആരാധനാലയ നിയമത്തിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികൾ എതിർത്തുകൊണ്ട് കോണ്ഗ്രസ്, സിപിഐ, ജാമിയത്ത് ഉലമഐഹിന്ദ്, എഐഎംഐഎം എന്നിവരുൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളും കക്ഷി ചേർന്നിട്ടുണ്ട്. കേസ് പരിഗണിക്കുന്നതിനായി ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിൽ പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു.
ഡിസംബർ 12ന് വാദം കേട്ടപ്പോൾ രാജ്യത്തെ ആരാധനാലയങ്ങളുടെ ഘടനയുമായി ബന്ധപ്പെട്ട് വിചാരണക്കോടതികളോട് ഏതെങ്കിലും തരത്തിലുള്ള ഉത്തരവുകളോ സർവേകളോ നിർദേശിക്കാൻ പാടില്ലെന്ന് കോടതി നിർദേശിച്ചിരുന്നു. നിയമത്തിന്റെ ഭരണഘടനാസാധുതയാണ് കോടതി പരിശോധിക്കുന്നത്. ഏപ്രിൽ 17- നാണ് പ്രത്യേക ബെഞ്ച് ഇനി വാദം കേൾക്കുക.