ഡൽഹിയിൽ ഭൂചലനം; ജനം പരിഭ്രാന്തരായി
Tuesday, February 18, 2025 2:37 AM IST
ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ പുലർച്ചെയുണ്ടായ ഭൂകന്പം നഗരവാസികളെ പരിഭ്രാന്തരാക്കി. പുലർച്ചെ 5.36 നായിരുന്നു റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
വലിയ ശബ്ദത്തോടെയുണ്ടായ ഭൂചലനത്തെത്തുടർന്ന് ആളുകൾ കെട്ടിടങ്ങളിൽനിന്ന് ഇറങ്ങിയോടി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹുനിലക്കെട്ടിടങ്ങളിൽ ഇളക്കം തട്ടിയതോടെയാണ് പരിഭ്രാന്തരായ ആളുകൾ ഇറങ്ങിയോടിയത്. ധൗളകുവായിലെ ദുർഗാഭായ് ദേശ്മുഖ് കോളജ് ഓഫ് സ്പെഷൽ എഡ്യുക്കേഷനു സമീപം അഞ്ചു കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.
2015ൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രവും ഇവിടെയായിരുന്നു. ഭൂകന്പം അനുഭവപ്പെട്ടതിനു പിന്നാലെ ജനങ്ങളോടു ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിപ്പിട്ടു.
തുടർചലനങ്ങൾക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ബിഹാറിലെ സിവാനിലും ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെ എട്ടോടെ ബിഹാറിൽ അനുഭവപ്പെട്ടത്. ഡൽഹിയിലെ ഭൂചലനത്തിന്റെ തുടർച്ചയാണോ ഇതെന്നു വ്യക്തമല്ല.