തെലുങ്കു നടി കൃഷ്ണവേണി അന്തരിച്ചു
Monday, February 17, 2025 1:27 AM IST
ഹൈദരാബാദ്: എൻ.ടി. രാമറാവുവിനെയും ഗായിക പി. ലീലയെയും സിനിമയിലെത്തിച്ച പ്രശസ്ത തെലുങ്കുനടിയും നിർമാതാവുമായ ചിട്ടജല്ലു കൃഷ്ണവേണി(100) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം.
വെസ്റ്റ് ഗോദാവരി ജില്ലയിലെ പങ്കിടിയിൽ 1924 ഡിസംബർ 24നാണ് കൃഷ്ണവേണി ജനിച്ചത്. നാടകനടിയായി അഭിനയം ആരംഭിച്ച കൃഷ്ണവേണി 1936ൽ സതി അനുസൂയയിലൂടെയാണ് സിനിമാ അരങ്ങേറ്റം.
1949ൽ കൃഷ്ണവേണി നിർമിച്ച ‘മനദേശം’ എന്ന സിനിമയിലൂടെയാണ് ഇതിഹാസ നടൻ എൻ.ടി. രാമറാവു, ഗായകരായ ഘണ്ഡശാല വെങ്കടേശ്വര റാവു, പി. ലീല എന്നിവർ അരങ്ങേറ്റം കുറിച്ചത്. ഇതേ സിനിമയിൽ എൻടിആറിനൊപ്പം കൃഷ്ണവേണി അഭിനയിച്ചു.
വിഖ്യാത തെലുങ്കു നടൻ അക്കിനേനി നാഗേശ്വര റാവു(എഎൻആർ) വെള്ളിത്തിരയിലെത്തിയത് കൃഷ്ണവേണി നിർമിച്ച കീലുഗുറം(1949) എന്ന സിനിമയിലൂടെയായിരുന്നു.