ഗ്യാനേഷ്കുമാർ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാകും
Tuesday, February 18, 2025 2:37 AM IST
ന്യൂഡൽഹി: അടുത്ത മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിലവിലെ കമ്മീഷണർമാരിലൊരാളായ ഗ്യാനേഷ്കുമാറിന്റെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി രാഷ്ട്രപതിക്കു ശിപാർശ ചെയ്തതായി റിപ്പോർട്ട്. മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരാണു യോഗത്തിൽ പങ്കെടുത്തത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി നാളെ പരിഗണിക്കുന്നുണ്ടെന്നും അതിനുശേഷമേ കമ്മീഷണറുടെ നിയമനം നടത്താവൂവെന്നും രാഹുൽ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.
നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്നു വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്നത്.
ഗ്യാനേഷ്കുമാറിന്റെ നിയമനം രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് 61കാരനായ ഗ്യാനേഷ്കുമാർ. ഈ വർഷം അവസാനം നടക്കുന്ന ബിഹാർ നിയമസഭാതെരഞ്ഞെടുപ്പാണ് അദ്ദേഹത്തിനുമുന്നിലെ ആദ്യ ദൗത്യം.
2023 മാർച്ചിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കാൻ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവരെ ഉൾപ്പെടുത്തി പാനൽ രൂപീകരിക്കാൻ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ ഇതിനെ മറികടക്കാൻ 2023 ഡിസംബറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, കമ്മീഷണർമാർ നിയമം 2023 കേന്ദ്രസർക്കാർ നടപ്പാക്കി. തുടർന്ന് ഇവരെ നിയമിക്കുന്ന പാനലിൽനിന്നു ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി. ഇതിനെതിരേ സമർപ്പിച്ച ഹർജികളിലാണ് നാളെ വാദം കേൾക്കുന്നത്.