കേജരിവാളിന്റെ ‘ശീഷ് മഹലി’ൽ വിജിലൻസ് അന്വേഷണം
Sunday, February 16, 2025 2:06 AM IST
ന്യൂഡൽഹി: ‘ശീഷ് മഹൽ’ എന്നു പരിഹാസരൂപേണ അറിയപ്പെടുന്ന ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഔദ്യോഗിക വസതിയിൽ നടത്തിയ നവീകരണത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വിജിലൻസ് കമ്മീഷൻ.
ന്യൂഡൽഹിയിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ വസതി വിപുലീകരിക്കുന്നതിന് എഎപി സർക്കാർ ലംഘിച്ച കെട്ടിട മാനദണ്ഡങ്ങളിലും ആഡംബര നവീകരണത്തിനു ചെലവഴിച്ച തുകയിന്മേലും അന്വേഷണം നടത്താൻ വിജിലൻസ് ഡൽഹിയിലെ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് വിജേന്ദർ ഗുപ്ത നൽകിയ പരാതിന്മേലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
മുതിർന്ന അധികാരികളും ജഡ്ജിമാരും ഉപയോഗിച്ചിരുന്ന രണ്ടു സർക്കാർ നിർമിതികൾ ഇടിച്ചുനിരത്തി ഒരൊറ്റ ബംഗ്ലാവാക്കി ലയിപ്പിച്ച് പുതുക്കി പണിതുവെന്നും പൊതുസ്വത്ത് ഉപയോഗിച്ച് ബംഗ്ലാവിനുള്ളിൽ ആഡംബര നവീകരണങ്ങൾ നടത്തിയെന്നുമാണ് വിജേന്ദർ നൽകിയ പരാതി.
മുഖ്യമന്ത്രിയായിരുന്ന 2015 മുതൽ കഴിഞ്ഞ വർഷം ഒക്ടോബർ വരെ കേജരിവാൾ താമസിച്ചിരുന്ന വസതിയുടെ നവീകരണത്തിനായി കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് ബിജെപി നേരത്തെ ആരോപണമുന്നയിച്ചിരുന്നു.