ജയലളിതയുടെ വസ്തുവകകൾ തമിഴ്നാടിനു കൈമാറി
Monday, February 17, 2025 12:17 AM IST
ബംഗളുരു: അനധികൃത സ്വത്തുസന്പാദനക്കേസിൽ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയില്‍നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ കർണാടകയിലെ പ്രത്യേക കോടതി തമിഴ്നാട് സര്‍ക്കാരിനു കൈമാറി. 27.558 കിലോ ഗ്രാം സ്വര്‍ണാഭരണങ്ങള്‍, 1116 കിലോഗ്രാം വെള്ളി, 1526 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ എന്നിവ ഉൾപ്പെടെയാണു കൈമാറിയത്.
സിബിഐ പ്രത്യേകകോടതിയിൽ നടന്ന കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലായി ഇവർ കര്‍ണാടക വിധാന്‍ സൗധ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വജ്രാഭരണങ്ങൾ, ആയിരത്തിലേറെ സാരികൾ, 250 ഷാള്‍, 750 ജോടി ചെരിപ്പ് തുടങ്ങിയവക്കുപുറമേ പത്തരക്കോടി രൂപയുടെ സ്ഥിരനിക്ഷേപങ്ങള്‍. രണ്ട് ലക്ഷത്തോളം കറന്‍സി നോട്ടുകൾ എന്നിവയും ഉണ്ടായിരുന്നു.
തമിഴ്നാട് സർക്കാരിന് ഇവ ഇവ റിസർവ് ബാങ്കിന് നൽകുകയോ ലേലം ചെയ്യുകയോ ചെയ്യാമെന്ന് പ്രത്യേക കോടതി ജഡ്ജി എച്ച്.എ മോഹൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈ, തഞ്ചാവൂർ, ചെങ്കൽപേട്ട, കാഞ്ചീപുരം, തിരുവല്ലൂർ, തിരുവാരൂർ, തൂത്തൂക്കുടി എന്നിവിടങ്ങളിലായുള്ള വസ്തുകൾ ഭവനരഹിതരെ സഹായിക്കുന്ന പദ്ധതികൾക്കായി ഉപയോഗിക്കാം. അതുമല്ലെങ്കിൽ സ്ഥലം വിറ്റ് ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു.
1996ല്‍ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതി റെയ്ഡ് ചെയ്താണ് ഇവയെല്ലാം പിടിച്ചെടുത്തത്. ഈ സ്വത്തിൽ അവകാശമുണ്ടെന്നുകാണിച്ച് സഹോദരന്റെ മക്കളായ ജെ. ദീപ, ജെ. ദീപക്ക് എന്നിവരുടെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. കേസില്‍ ജയ ലളിത അടക്കമുള്ളവര്‍ കുറ്റക്കാരെന്ന് വിധിച്ചതിനെത്തുടർന്നാണിത്.