ഗുജറാത്ത് തൂത്തുവാരി ബിജെപി
Wednesday, February 19, 2025 1:21 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ ജൂനഗഡ് കോർപറേഷനിലേക്കും 68 മുനിസിപ്പാലിറ്റികളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗംഭീര വിജയം.
60 മുനിസിപ്പാലിറ്റികളിലും തെരഞ്ഞെടുപ്പ് നടന്ന മൂന്നു താലൂക്ക് പഞ്ചായത്തുകളിലും ബിജെപി വിജയിച്ചു. കോൺഗ്രസ് ഒരു മുനിസിപ്പാലിറ്റിയിൽ മാത്രമാണു വിജയിച്ചത്. രണ്ടു മുനിസിപ്പാലിറ്റികൾ സമാജ്വാദി പാർട്ടി പിടിച്ചു. അഞ്ചിടത്ത് ആർക്കും ഭൂരിപക്ഷമില്ല.
ജൂനഗഡ് കോർപറേഷനിലെ 60 സീറ്റുകളിൽ ബിജെപി 48ൽ വിജയിച്ചു. കോൺഗ്രസിനു വിജയം നേടാനായത് 11ൽ മാത്രമാണ്. ദേവ്ഭൂമി ദ്വാരക ജില്ലയിലെ സലായ മുനിസിപ്പാലിറ്റിയിൽ മാത്രമാണു കോൺഗ്രസ് വിജയിച്ചത്. ഇവിടെ 28 സീറ്റുകളിൽ 15 എണ്ണം കോൺഗ്രസ് നേടി. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സലായയിൽ 13 സീറ്റോടെ രണ്ടാമതെത്തി. ബിജെപിക്ക് ഒറ്റ സീറ്റുമില്ല. കഴിഞ്ഞതവണ സംസ്ഥാനത്ത് കോൺഗ്രസിന് 16 മുനിസിപ്പാലിറ്റികളിൽ ഭരണമുണ്ടായിരുന്നു. ഇത്തവണ കോൺഗ്രസിൽനിന്ന് 15 മുനിസിപ്പാലിറ്റികൾ ബിജെപി പിടിച്ചെടുത്തു.
കുടിയാന, റാണാവാവ് മുനിസിപ്പാലിറ്റികളിലാണ് സമാജ്വാദി പാർട്ടി വിജയിച്ചത്. എസ്പിയുടെ ഏക എംഎൽഎ കാന്ധൽ ജഡേജയുടെ നേതൃത്വത്തിലാണ് ഈ ഉജ്വലവിജയം. നേരത്തേ എൻസിപിയിലായിരുന്ന ജഡേജ 2022 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണു സമാജ്വാദി പാർട്ടിയിൽ ചേർന്നത്.