മഹാകുംഭമേള: ട്രെയിനിൽ കയറാനായില്ല; രണ്ടു കോച്ചുകൾ യാത്രക്കാർ തകർത്തു
Monday, February 17, 2025 12:18 AM IST
അമേഠി: മഹാ കുംഭമേളയ്ക്കായുള്ള സ്പെഷൽ ട്രെയിനിന്റെ രണ്ടു കോച്ചുകൾ അമേഠി സ്റ്റേഷനിൽ യാത്രക്കാർ തകർത്തു. ട്രെയിനിൽ കയറാൻ സാധിക്കാത്തവരാണ് ആക്രമണം നടത്തിയത്. ലക്നോവിൽനിന്നു പ്രയാഗ്രാജിലേക്കുള്ള ട്രെയിൻ ഇന്നലെ പുലർച്ചെ 1.15ന് അമേഠിയിലെത്തിയപ്പോഴായിരുന്നു സംഭവം.
മുന്നൂറോളം യാത്രക്കാർ ആ സമയം സ്റ്റേഷനിലുണ്ടായിരുന്നു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ ഡോർ അടച്ചതോടെ അമേഠി സ്റ്റേഷനിൽ കാത്തുനിന്നവർക്കു കയറാനായില്ല.
ഇതിൽ പ്രകോപിതരായവർ രണ്ടു കോച്ചുകളിലായി ഒരു ഡസനിലേറെ വിൻഡോകൾ തകർത്തു. സംഘർഷത്തിനിടെ ഏതാനും പേർക്ക് നിസാര പരിക്കേറ്റു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കേസ് രജിസ്റ്റർ ചെയ്തു.