ഖത്തർ അമീർ ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ സ്വീകരിച്ച് മോദി
Tuesday, February 18, 2025 2:24 AM IST
ന്യൂഡൽഹി: ദ്വിദിന ഇന്ത്യൻ സന്ദർശനത്തിനായി ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമാദ് അൽ താനി ന്യൂഡൽഹിയിലെത്തി.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പ്രോട്ടോക്കോൾ മാറ്രിവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു.
വിമാനത്താവളത്തിൽ ഇരുനേതാക്കളും പരസ്പരം ആശ്ലേഷിച്ചശേഷം അല്പനേരം സൗഹൃദസംഭാഷണത്തിലേർപ്പെട്ടു. വിദേശകാര്യമന്ത്രി എസ്.ജയശങ്കറും സ്വീകരിക്കാനെത്തിയിരുന്നു.
ഷെയ്ഖ് തമീമിന് ഇന്ന് രാഷ്ട്രപതിഭവനിൽ ഔപചാരിക വരവേല്പ് നൽകും. തുടർന്ന് അദ്ദേഹം രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണു ഖത്തർ അമീറിന്റെ സന്ദർശനം. ഇതിനുമുന്പ് 2015 മാർച്ചിൽ അമീർ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തമാണ്. ഖത്തറിലുള്ള വിദേശികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്.