ന്യൂഡൽഹി റെയിൽവേ ദുരന്തം; കാരണം അനൗണ്സ്മെന്റുകളെന്ന് ആർപിഎഫ് അന്വേഷണ റിപ്പോർട്ട്
Wednesday, February 19, 2025 3:00 AM IST
ന്യൂഡൽഹി: തിക്കിലും തിരക്കിലും പെട്ടു ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ മരിക്കാനിടയായ ദുരന്തത്തിൽ റെയിൽവേയുടെ അനൗണ്‍സ്മെന്റ് പ്രധാന കാരണമായെന്ന് റെയിൽവേ സംരക്ഷണ സേനയുടെ (ആർപിഎഫ്) അന്വേഷണ റിപ്പോർട്ട്.
മഹാകുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്കുള്ള സ്പെഷൽ ട്രെയിനിന്റെ പ്ലാറ്റ്ഫോം മാറിയെന്ന തരത്തിലുള്ള അനൗണ്‍സ്മെന്റാണ് പെട്ടെന്നുള്ള തിരക്കിനും ആളുകളുടെ പരിഭ്രാന്തിക്കും കാരണമായതെന്ന് ആർപിഎഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സംഭവദിവസം രാത്രി 8.45ന് പ്രയാഗ്രാജിലേക്കുള്ള കുംഭ് സ്പെഷൽ ട്രെയിൻ പ്ലാറ്റ്ഫോം 12ൽനിന്ന് പുറപ്പെടുമെന്ന് ആദ്യമൊരു അനൗണ്‍സ്മെന്റ് ഉണ്ടായി.
ഏതാനും മിനിറ്റുകൾക്കുശേഷം കുംഭ് സ്പെഷൽ ട്രെയിൻ പ്ലാറ്റ്ഫോം 16ൽനിന്ന് പുറപ്പെടുമെന്ന് മറ്റൊരു അനൗണ്‍സ്മെന്റും ഉണ്ടായി. ഇതേത്തുടർന്ന് പ്ലാറ്റ്ഫോം മാറാനുള്ള യാത്രക്കാരുടെ തത്രപ്പാടിലാണ് അപകടമുണ്ടായതെന്ന് ആർപിഎഫിലെ ഇൻസ്പെക്ടർ റാങ്കിലുള്ള ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തിരക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചതിന് അനൗണ്‍സ്മെന്റുകൾ കാരണമായിട്ടില്ലെന്ന റെയിൽവേയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇതിനു വിരുദ്ധമായുള്ള ആർപിഎഫ് റിപ്പോർട്ട്. ട്രെയിനുകളുടെ പ്ലാറ്റ്ഫോം സംഭവദിവസം മാറ്റിയിട്ടില്ലെന്നാണ് റെയിൽവേ വിശദീകരിച്ചത്.
കൂട്ടമരണത്തിന് അനൗണ്‍സ്മെന്റുകൾ കാരണമായെന്ന് പ്രാഥമിക റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും "പ്രയാഗ്രാജ്' എന്നു പേരുള്ള രണ്ടു ട്രെയിനുകൾ ഉണ്ടായിരുന്നതുമൂലമുള്ള ആശയക്കുഴപ്പമാണ് അപകട കാരണമായതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.