ഇന്ത്യ-ഖത്തർ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്
Wednesday, February 19, 2025 3:00 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഊർജ, വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിനു പുറമെ ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഇന്നലെ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണു തീരുമാനം.
ഇന്ത്യ സന്ദർശനത്തിനെത്തിയ ഖത്തർ അമീറിനെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി സ്വീകരിച്ചത് ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള സന്ദേശമായി.
ഇന്നലെ രാവിലെ ഷെയ്ഖ് തമീമിന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ ആചാരപരമായ സ്വീകരണത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. തുടർന്ന് ഹൈദരാബാദ് ഹൗസിൽ മോദിയും ഷെയ്ഖ് തമീമും നടത്തിയ വിപുലമായ ചർച്ചകളിൽ സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
ഇന്ത്യ- ഖത്തർ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിനുപുറമെ, ഇരട്ടനികുതി ഒഴിവാക്കുന്നതിനും വരുമാന നികുതിക്കുമേലുള്ള നികുതിവെട്ടിപ്പ് തടയുന്നതിനുമുള്ള പുതുക്കിയ കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
വ്യാപാരം, ഊർജം, നിക്ഷേപങ്ങൾ, നവീകരണം, സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാകും തന്ത്രപരമായ പങ്കാളിത്തമെന്ന് വിദേശകാര്യ വക്താവ് രണ്ധീർ ജയ്സ്വാൾ പറഞ്ഞു.
ഇസ്രയേൽ-ഹമാസ് സംഘർഷവും വെടിനിർത്തൽ സാധ്യമാക്കുന്നതിലെ ഖത്തറിന്റെ പങ്കും മോദിയും അമീറും ചർച്ച ചെയ്തു. പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരുനേതാക്കളും അഭിപ്രായങ്ങൾ കൈമാറിയെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
രണ്ടു വർഷം മുന്പ് ഖത്തറിൽ എട്ട് ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ തടവിലാക്കിയതിനെത്തുടർന്നു വഷളായ ഉഭയകക്ഷി ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെ അടയാളമാണ് ഷെയ്ഖ് തമീമിന്റെ ഒരു ദശാബ്ദത്തിനുശേഷമുള്ള ഇന്ത്യാ സന്ദർശനം.
ഉന്നത നാവിക ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് 2023ൽ ഖത്തർ വധശിക്ഷ വിധിച്ചു. പിന്നീട് ഖത്തർ കോടതി ശിക്ഷ ഇളവ് ചെയ്തു. 2024 ഫെബ്രുവരിയിൽ ഖത്തർ അമീറിന്റെ ഉത്തരവനുസരിച്ച് ഇന്ത്യക്കാരെയെല്ലാം മോചിപ്പിച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രി മോദി ദോഹ സന്ദർശിച്ചിരുന്നു.
യൂസഫലി, രവി പിള്ള, ജെ.കെ. മേനോൻ ഇന്ത്യയിൽ പുതിയ നിക്ഷേപങ്ങൾക്ക്
ഇന്ത്യയിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനം ആവർത്തിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഇന്ത്യയിൽ പുതുതായി വൻ നിക്ഷേപങ്ങൾ നടത്തുമെന്ന് ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, എ.ബി.എൻ കോർപറേഷൻ ചെയർമാൻ ജെ.കെ. മേനോൻ തുടങ്ങിയവരും അറിയിച്ചു.
കഴിഞ്ഞ പത്തു വർഷത്തിനിടെ നേരിട്ടുള്ള വിദേശനിക്ഷേപം 69 ശതമാനം വളർന്നതായി കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ പറഞ്ഞു. ഇന്ത്യയിൽ നടത്തിയ 20,000 കോടി രൂപയുടെ നിക്ഷേപങ്ങൾക്കു പുറമേയാണ് രണ്ടു വർഷത്തിനകം 10,000 കോടികൂടി നിക്ഷേപിക്കുന്നതെന്ന് യൂസഫലി പറഞ്ഞു.