ആദ്യം നിഷേധിച്ച് റെയിൽവേ
Monday, February 17, 2025 1:27 AM IST
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കാനിടയായ സംഭവം ആദ്യമണിക്കൂറിൽ വെറും കിംവദന്തിയാണെന്നായിരുന്നു ഉത്തര റെയിൽവേയുടെ വിശദീകരണം.
എന്നാൽ, വൈകാതെ നിലപാട് മാറ്റി. അർധരാത്രിയോടെ റെയിൽവേ സ്റ്റേഷനിൽ തിരക്ക് അനുഭവപ്പെട്ടതായും ഏതാനും ചില യാത്രക്കാർക്കു പരിക്കേറ്റതായും ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ഉപാധ്യായ മാധ്യമങ്ങളോടു പറഞ്ഞു. എങ്കിലും മരണവാർത്ത റെയിൽവേ പുറത്തുവിട്ടില്ല.
എന്നാൽ ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന സമൂഹമാധ്യമമായ എക്സിലൂടെ അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി കുറിപ്പിട്ടു. ഉടൻതന്നെ അത് എഡിറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് മരണവാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന് രണ്ടംഗ സമിതി രൂപീകരിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നോർത്തേണ്‍ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ, പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി കമീഷണർ എന്നിവരടങ്ങുന്നതാണ് അന്വേഷണസംഘം.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പമാണ് തന്റെ ചിന്തകളെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നു പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. അതേസമയം, റെയിൽവേയുടെ പരാജയമാണ് അപകടത്തിനു കാരണമെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.